ഇന്ത്യന്‍ കലാവിരുന്നോടെ മോദിക്ക് പ്രൗഢോജ്ജ്വല വരവേല്‍പ്:ദുബായില്‍ ഇതാദ്യം

 

ദുബായ്: ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തിയ പ്രൗഢോജ്വല ചടങ്ങിനു തുടക്കമായതു മനം കവരുന്ന ഇന്ത്യന്‍ കലാവിരുന്നോടെ. വിവിധ സംസ്ഥാനങ്ങളിലെ കലാരൂപങ്ങള്‍ കോര്‍ത്തിണക്കിയുള്ള വേറിട്ട കലാപരിപാടിയാണു മോദിയുടെ പ്രസംഗത്തിനു മുന്നോടിയായി കാഴ്ചക്കാര്‍ക്കു മുന്നിലെത്തിയത്. കേരളീയ കലാരൂപങ്ങളായ മോഹിനിയാട്ടം, കഥകളി, കളരിപ്പയറ്റ് തുടങ്ങിയവ സമന്വയിപ്പിച്ചുള്ള കലാവിരുന്ന് മറുനാട്ടുകാര്‍ ഉള്‍പ്പെടെയുള്ള സദസ്സ് ആവേശത്തോടെ ആസ്വദിച്ചു. ബാലഭാസ്‌കറിന്റെ വയലിന്‍ കച്ചേരിക്കൊപ്പം കഥക്ക്, ഒഡിസി, ഭരതനാട്യം, കുച്ചിപ്പുഡി നൃത്തവിരുന്നു കൂടിയായതോടെ ചടങ്ങ് അവിസ്മരണീയമായി. മോദിയെ കാണാന്‍ മണിക്കൂറുകള്‍ക്കു മുന്‍പേ സ്റ്റേഡിയത്തിലെത്തിയവരെ മുഷിപ്പിക്കാതെ പിടിച്ചിരുത്താനും ഇതു സഹായകമായി. സ്റ്റേഡിയത്തിനകത്തും പുറത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. ഷെയ്ഖ് മുഹമ്മദിന്റെയും മോദിയുടെയും ചിത്രം പതിച്ച കാര്‍ഡുകളുമായാണു ചിലര്‍ എത്തിയത്.

വേദിയിലെ കൂറ്റന്‍ സ്‌ക്രീനില്‍ മോദിയുടെ യുഎഇ സന്ദര്‍ശനത്തിന്റെ ചിത്രങ്ങളും ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് സന്ദേശങ്ങളും വന്നതോടെ സ്റ്റേഡിയത്തില്‍ ഉണ്ടായിരുന്നവര്‍ എഴുന്നേറ്റുനിന്ന് ആര്‍പ്പുവിളിച്ചു. ഓരോ തവണയും മോദിയുടെ പേരു മുഴങ്ങുമ്പോഴും സ്റ്റേഡിയത്തില്‍ ആവേശത്തിര ഉയര്‍ന്നു. ദുബായ് സമീപകാലത്തു കണ്ട ഏറ്റവും വലിയ ആള്‍ക്കൂട്ടത്തിനാണു ക്രിക്കറ്റ് സ്റ്റേഡിയം ഇന്നലെ സാക്ഷ്യം വഹിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ സ്റ്റേഡിയത്തിലെത്തിയവര്‍ കനത്ത ചൂടിലും ആഹ്ലാദാരവങ്ങളോടെ കാത്തിരുന്നു. ഗാലറികള്‍ക്കു പുറമേ ഗ്രൗണ്ടിലും ആളുകള്‍ക്കിരിക്കാന്‍ കസേരകള്‍ ഇട്ടിരുന്നു. എത്ര മലയാളികള്‍, എത്ര തമിഴ്‌നാട്ടുകാര്‍, എത്ര പഞ്ചാബികള്‍ അവതാരകന്റെ ഓരോ ചോദ്യത്തിനും ആരവങ്ങള്‍ ഉയര്‍ന്നു. യുഎഇയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു വിദേശനേതാവിനോ സിനിമതാരത്തിനോ സംഗീതജ്ഞനോ ലഭിക്കാത്ത വരവേല്‍പാണു മോദിക്കു ലഭിച്ചത്. സ്റ്റേഡിയത്തിനു പുറത്തും കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ചു ചടങ്ങുകളുടെ തല്‍സമയ സംപ്രേഷണം ഒരുക്കിയിരുന്നു. അവയ്ക്കുമുന്നിലും ആളുകളുടെ വന്‍തിരക്കായിരുന്നു.

© 2024 Live Kerala News. All Rights Reserved.