മൂന്നുവയസ്സുകാരിയുടെ മൃതദേഹം പുഴയില്‍; മാതാവ് പുഴയിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ്; കുടുംബപ്രശ്‌നങ്ങുണ്ടെന്ന് സൂചന

കൊച്ചി: തിരുവാങ്കുളത്തു നിന്നു കാണാതായ മൂന്ന് വയസുകാരിയെ മാതാവ് പുഴയിലെറിഞ്ഞ് കൊന്നതെന്ന് പൊലീസ്. അമ്മക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ്. കൊലപാതകത്തിനു പിന്നില്‍ ഭര്‍തൃ വീട്ടിലെ പീഡനമാണോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയില്‍ ഹാജരാക്കും. നിലവില്‍ ചെങ്ങമനാട് പൊലീസിന്റെ കസ്റ്റഡിയിലാണ്.

മകള്‍ക്ക് ഭര്‍തൃവീട്ടില്‍ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നു. പ്രശ്‌നങ്ങളെ തുടര്‍ന്നു സ്വന്തം വീട്ടില്‍ തന്നെയായിരുന്നു. കുഞ്ഞിനെ കൊല്ലാന്‍ മാത്രമുള്ള പ്രശ്‌നമുള്ളതായി അറിയില്ലെന്നും അമ്മ പറയുന്നു. കുട്ടിയെ മുന്‍പും ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് കുഞ്ഞിന്റെ അച്ഛന്‍ പറയുന്നത്.

മൃതദേഹം ചാലക്കുടി പുഴയില്‍ നിന്നാണ് കണ്ടെത്തിയത്. എട്ടര മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ആറംഗ സ്‌കൂബ ടീമാണ് മൃതദേഹം കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളാണ് തിരച്ചിലില്‍ നിര്‍ണായകമായത്. കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു കൊന്നതാണെന്നു കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

വീട്ടിലേക്ക് മകളുമായി പോകുമ്പോള്‍ ബസില്‍ നിന്നു കാണാതായി എന്നാണ് ആദ്യം മൊഴി നല്‍കിയത്. കുട്ടിയെ ഉപേക്ഷിച്ചതാണെന്നു പിന്നീട് തിരുത്തി പറഞ്ഞു. അതിനു ശേഷമാണ് ബന്ധുക്കളോടും പൊലീസിനോടും പുഴയിലെറിഞ്ഞെന്നു കുറ്റസമ്മതം നടത്തിയത്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് തിരുവാങ്കുളത്തു നിന്നു ആലുവയ്ക്കു യാത്ര ചെയ്യുന്നതിനിടെ കുട്ടിയെ കാണാനില്ലെന്ന വിവരം പുറത്തു വന്നത്. അങ്കണവാടിയില്‍ നിന്നു കുഞ്ഞിനെ കൂട്ടാനായാണ് വീട്ടില്‍ നിന്നു പോയത്. എന്നാല്‍ തിരിച്ചു വന്നപ്പോള്‍ കൂടെ കുഞ്ഞുണ്ടായിരുന്നില്ല.

വൈകീട്ട് നാല് മണിയോടെ മറ്റക്കുഴിയില്‍ നിന്നു തിരുവാങ്കുളം വരെ കുഞ്ഞും ഓട്ടോറിക്ഷയിലാണ് പോയത്. അവിടെ നിന്നു ബസിലാണ് ആലുവയിലേക്ക് പോയത്. ആലുവ വരെ ബസില്‍ കുട്ടി തനിക്കൊപ്പമുണ്ടായിരുന്നുവെന്നുമാണ് ആദ്യം മൊഴി നല്‍കിയത്. പിന്നീടാണ് മൂഴിക്കുളം പാലത്തിനടുത്തു വച്ച് കുട്ടിയെ കാണാതായി എന്നു പറഞ്ഞത്. വീട്ടുകാരുടെ നിരന്തര ചോദ്യത്തിനൊടുവില്‍ അമ്മയില്‍ നിന്നു പരസ്പര വിരുദ്ധമായ മറുപടികളാണ് ലഭിച്ചത്. എട്ട് മണിയോടെ പുത്തന്‍കുരിശ് പൊലീസിനെ വിവരമറിയിച്ചു. അവര്‍ അന്വേഷണവും തുടങ്ങി. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മൂഴിക്കുളം പാലത്തിനടുത്ത് കുട്ടിയെ ഉപേക്ഷിച്ചതായി മറുപടി നല്‍കിയത്. തുടര്‍ന്നാണു പൊലീസും സ്‌കൂബ സംഘവും പാലത്തിനടുത്ത് അന്വേഷണം ഊര്‍ജിതമാക്കിയത്. പൊലീസും നാട്ടുകാരും രാത്രി ആരംഭിച്ച തിരച്ചില്‍ ഇന്ന് പുലര്‍ച്ചെ കുട്ടിയുടെ മൃതദേഹം കണ്ടെത്തും വരെ നീണ്ടു.

മൂഴിക്കുളം ഭാഗത്തു വരെ അമ്മയും കുഞ്ഞും എത്തിയതിന്റെ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. ആലുവ ഡിവൈഎസ്പി പാലത്തിനു താഴെ പരിശോധിച്ച ശേഷം ആഴമുള്ള സ്ഥലമായതിനാല്‍ ആലുവയില്‍ നിന്നുള്ള യുകെ സ്‌കൂബ ടീമിനെ വിളിക്കുന്നു. 12.45നാണ് സ്‌കൂബ ടീം എത്തിയത്. പിന്നീടാണ് മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍ ആരംഭിച്ചത്. ഒടുവില്‍ ആഴത്തട്ടില്‍ ആ കുരുന്നിന്റെ ചേതനയറ്റ ശരീരം കണ്ടെത്തുകയായിരുന്നു.

© 2025 Live Kerala News. All Rights Reserved.