പാക് വ്യോമതാവളങ്ങളിലേക്ക് 15 ബ്രഹ്മോസ് മിസൈലുകള്‍ അയച്ചെന്ന് ഇന്ത്യ; 11 വ്യോമതാവളങ്ങളില്‍ അക്രമണം നടത്തി; ബ്രഹ്മോസിന് പിന്നില്‍ അജിത് ഡോവല്‍?

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിന്റെ ഭാഗമായി പാക് വ്യോമതാവളങ്ങളിലേക്ക് ഇന്ത്യ 15 ബ്രഹ്‌മോസ് മിസൈലുകള്‍ അയച്ചെന്ന് വിവരം. മെയ് 9, 10 തിയതികളിലാണ് പാക് താവളങ്ങള്‍ ലക്ഷ്യമിട്ട് ഇന്ത്യ ബ്രഹ്‌മോസ് മിസൈലുകള്‍ വിട്ടത്. ലഹോറിലേതുള്‍പ്പെടെ പാക് വ്യോമകേന്ദ്രങ്ങളാണ് ഇന്ത്യ ആക്രമിച്ചത്. പാകിസ്താന്‍ നടത്തിയ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങള്‍ക്കുളള തിരിച്ചടിയായിരുന്നു ഇത്. പാകിസ്താന് തിരിച്ചടി നല്‍കാന്‍ ബ്രഹ്‌മോസ് മിസൈല്‍ പ്രധാന ആയുധമായി തെരഞ്ഞെടുത്തത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

പാകിസ്താന്റെ 11 വ്യോമതാവളങ്ങള്‍ ഇന്ത്യ ആക്രമിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഏത് ആയുധമാണ് ഇതിനുവേണ്ടി ഉപയോഗിച്ചതെന്ന വിവരം പുറത്തുവന്നിരുന്നില്ല. 7, 8 തിയതികളില്‍ ഇന്ത്യയില്‍ പാകിസ്താന്‍ ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമം നടത്തിയിരുന്നു. ശ്രീനഗര്‍, പഠാന്‍കോട്ട്, ജമ്മു, അമൃത്സര്‍, ലുധിയാന, ബുജ് തുടങ്ങിയ വ്യോമതാവളങ്ങളിലും സൈനിക കേന്ദ്രങ്ങളിലും ആക്രമണം നടത്താനാണ് പാകിസ്താന്‍ ശ്രമിച്ചത്. ഇന്ത്യ അതിനെ ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. അതിനുപിന്നാലെയാണ് പ്രത്യാക്രമണം നടത്തിയത്.

പാകിസ്താനുമേല്‍ ആധിപത്യം വ്യക്തമാക്കുന്ന ആക്രമണമാണ് ഇന്ത്യ നടത്തിയത്. പാക് വിമാനങ്ങള്‍ക്കും പ്രതിരോധ സംവിധാനങ്ങള്‍ക്കും സൈനിക അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഇന്ത്യയുടെ ആക്രമണത്തില്‍ കനത്ത നാശനഷ്ടം നേരിടേണ്ടിവന്നു. എന്നാല്‍ പാകിസ്ഥാന്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.

© 2025 Live Kerala News. All Rights Reserved.