തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെ മുതിര്‍ന്ന അഭിഭാഷകനായ ബെയ്‌ലിന്‍ ദാസ് മുമ്പും മര്‍ദ്ദിച്ചിരുന്നതായുള്ള വിവരങ്ങള്‍ പുറത്ത്. ബെയ്‌ലിന്‍ ദാസിനെതിരെ ശ്യാമിലി ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കി. മുതിര്‍ന്ന അഭിഭാഷകനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അഞ്ച് മാസം ഗര്‍ഭിണി ആയിരുന്ന സമയത്തും ബെയ്‌ലിന്‍ ദാസ് തന്നെ മര്‍ദിച്ചിരുന്നുവെന്ന് ശ്യാമിലി വെളിപ്പെടുത്തി. സീനിയര്‍ ആയതു കൊണ്ടാണ് പരാതി നല്‍കാതിരുന്നതെന്നും ശ്യാമിലി പരാതിയില്‍ പറയുന്നു. ഇന്നലെ തന്നെ നിരവധി തവണ മര്‍ദ്ദിച്ചു. മൂന്നാമത്തെ അടിക്കു ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും അഡ്വക്കേറ്റ് ശ്യാമിലി വിശദമാക്കി.
അതേ സമയം അഭിഭാഷകയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനെ ഇതുവരെ കണ്ടെത്താനായില്ല. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്. പൊലീസ് പൂന്തുറയില്‍ എത്തിയതിന് പിന്നാലെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് അഡ്വക്കേറ്റ് ബെയ്!ലിന്‍ ദാസ് രക്ഷപ്പെടുകയാണ് ചെയ്തത്. അതിക്രമത്തില്‍ വനിത കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
വഞ്ചിയൂര്‍ കോടതിയില്‍ ക്രൂരമായി മര്‍ദനത്തിനിരയായ ജൂനിയര്‍ അഭിഭാഷക ശ്യാമിലി ജസ്റ്റിന്റെ പരുക്ക് ഗുരുതരമണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.. പരുക്കിന്റെ ഗൗരവം കണക്കിലെടുത്ത് ശ്യാമിലിയെ കൂടുതല്‍ ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. ആറുമാസമായ കുട്ടിയുടെ അമ്മയാണ് ശ്യാമിലി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസെടുത്തിട്ടുണ്ട്. നിയമം സംരക്ഷിക്കേണ്ടയിടത്ത് നിയമലംഘനം ഉണ്ടായി. നടന്നത് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും കേരളത്തില്‍ കേട്ട് കേള്‍വി ഇല്ലാത്തതാണെന്നും വനിത കമ്മീഷന്‍ അംഗം ഇന്ദിര രവീന്ദ്രന്‍ പറഞ്ഞു.
അതേ സമയം, ശ്യാമിലിയെ മര്‍ദിച്ച സീനിയര്‍ അഭിഭാഷകനായ ബെയ്‌ലിന്‍ ദാസിനെ ബാര്‍ അസോസിയേഷനില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. നടന്ന സംഭവങ്ങളെക്കുറിച്ച് ബെയ്‌ലിന്‍ ദാസ് ബാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്. ഇരയ്ക്ക് പരമാവധി നിയമസഹായം ഉറപ്പാക്കുമെന്നും ബെയ്‌ലിന്‍ ദാസിനെതിരെ അന്വേഷണം നടത്തുമെന്നും ബാര്‍ അസോസിയേഷന്‍ അറിയിച്ചു.
പാറശാല സ്വദേശിയായ അഭിഭാഷക ശ്യാമിലിയെ മോപ്പ് സ്റ്റിക്ക് കൊണ്ടാണ് അഭിഭാഷകന്‍ മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ അഭിഭാഷക ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു സംഭവം. വഞ്ചിയൂര്‍ മഹാറാണി ബില്‍ഡിംഗിലെ ഓഫീസില്‍വെച്ചാണ് മര്‍ദിച്ചത്. ശ്യാമിലിയും അഭിഭാഷകനും തമ്മില്‍ രാവിലെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മര്‍ദനമുണ്ടായതെന്നും കണ്ടുനിന്നവര്‍ ആരും എതിര്‍ത്തില്ലെന്നും ശ്യാമിലി ആരോപിച്ചു.