ദേശവിരുദ്ധ പ്രസ്താവനയുമായി വീണ്ടും ഗിലാനി.. താന്‍ ഇന്ത്യക്കാരനല്ലെന്ന് ഗിലാനി മാധ്യങ്ങളോട്. അപേക്ഷയില്‍ ഇന്ത്യക്കാരനെന്ന് രേഖപ്പെടുത്തിയത് പാസ്‌പോര്‍ട്ട് ലഭിക്കാന്‍ മാത്രം

ശ്രീനഗര്‍∙ വിവാദ പരാമർശവുമായി വീണ്ടും ഹുറിയത്ത് കോൺഫറൻസ് നേതാവ് സയ്യിദ് അലി ഷാ ഗിലാനി രംഗത്ത്. താൻ ഇന്ത്യൻ പൗരനാണെന്നും എന്നാൽ ജൻമം കൊണ്ട് ഇന്ത്യക്കാരനല്ലെന്നുമാണ് ഗിലാനി പറഞ്ഞത്. പാസ്പോര്‍ട്ടിനുള്ള അപേക്ഷയിലെ പൗരത്വം വ്യക്തമാക്കേണ്ട കോളത്തിലാണ് ഇന്ത്യക്കാരനാണ് എന്ന് ഗീലാനി എഴുതിയത്. എന്നാല്‍ ജന്‍മംകൊണ്ട് താന്‍ ഇന്ത്യക്കാരല്ലെന്ന് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഗിലാനി പറഞ്ഞു.

സൗദി അറേബ്യയിലുള്ള മകളെ സന്ദര്‍ശിക്കാനാണ് അലിഷാ ഗീലാനി കഴിഞ്ഞമാസം പാസ്പോര്‍ട്ടിനുവേണ്ടി അപേക്ഷിച്ചത്. വെള്ളിയാഴ്ച വീട്ടുതടങ്കലില്‍ നിന്ന് മോചിതനായ ശേഷമാണ് അദ്ദേഹം പാസ്പോര്‍ട്ട് ഓഫീസിലെത്തിയത്. ശ്രീനഗര്‍ റീജിനല്‍ പാസ്പോര്‍ട്ട് ഓഫീസിലാണ് ഗീലാനി പാസ്പോര്‍ട്ടിന് അപേക്ഷിച്ചത്.

പാസ്പോര്‍ട്ട് ലഭിക്കണമെങ്കില്‍ ഇന്ത്യക്കാരനാണ് എന്ന് നിര്‍ബന്ധമായും രേഖപ്പെടുത്തേണ്ടതിനാലാണ് അങ്ങനെ ചെയ്തത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ച് മാത്രമേ തങ്ങള്‍ക്ക് വിദേശ യാത്ര ചെയ്യാന്‍ സാധിക്കൂ എന്നും ഗീലാനി വ്യക്തമാക്കി. പൗരത്വം വ്യക്തമാക്കാനുള്ള കോളം ഗീലാനി ഒഴിച്ചിട്ടു എന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഗിലാനി പാസ്പോർട്ടിന് അപേക്ഷിച്ചതുമായി ബന്ധപ്പെട്ട് പിഡിപിയും ഹുറിയത് കോൺഫറൻസും തമ്മിൽ വാക്പോരാട്ടം നടന്നിരുന്നു. പാസ്പോർട്ടിന് വേണ്ടിയുള്ള എല്ലാ നടപടിക്രമങ്ങളും ഗിലാനി പാലിച്ചുവെന്നും പൗരത്വം സംബന്ധിച്ച കോളത്തിൽ ഇന്ത്യൻ എന്നാണ് എഴുതിയതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നേരത്തെ ഇന്ത്യാവിരുദ്ധ പ്രസ്താവനകളുടെ പേരിൽ വിഘടനവാദി നേതാവ് ഗിലാനി വാർത്തകളിൽ ഇടം നേടിയിരുന്നു.

© 2024 Live Kerala News. All Rights Reserved.