ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ വീടിന് മുമ്പില്‍ സ്‌ഫോടനം; ബൈക്കിലെത്തിയ നാലുപേര്‍ക്കായി അന്വേഷണം; ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് പൊലീസ് സംരക്ഷണമേര്‍പ്പെടുത്തി

തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ സ്‌ഫോടനം. തൃശൂര്‍ അയ്യന്തോളിലെ ശോഭ സുരേന്ദ്രന്റെ വീടിന് മുന്നിലാണ് അര്‍ധരാത്രിയോടെ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചത്. ബൈക്കില്‍ എത്തിയ നാലു പേരാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് പ്രഥമിക വിവരം.

ശോഭ വീട്ടില്‍ ഉണ്ടായിരുന്ന സമയത്ത് തന്നെയായിരുന്നു സ്‌ഫോടനം നടന്നത്. വീടിന് മുമ്പിലെ റോഡില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതായി ശോഭ സുരേന്ദ്രന്‍ പറഞ്ഞു. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി സിറ്റി പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ് ആവശ്യപ്പെട്ടു. അതേസമയം, ജില്ലയിലെ ബിജെപി നേതാക്കളുടെ വീടുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. സമഗ്ര അന്വേഷണം വേണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

ശോഭാ സുരേന്ദ്രന്റെ അടുത്ത അനുയായിയായ അച്യുതാനന്ദന്റെ പാലക്കാട്ടെ വീടിന് നേരെ കഴിഞ്ഞ വര്‍ഷം ആക്രമണമുണ്ടായിരുന്നു. ശോഭാ സുരേന്ദ്രന്‍ പാലക്കാടെത്തിയാല്‍ അച്യുതാനന്ദന്റെ വീട്ടിലാണ് താമസിക്കാറുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായവര്‍ യുവമോര്‍ച്ച പ്രവര്‍ത്തകരായിരുന്നു. പാലക്കാട്ടെ പ്രമുഖ ബിജെപി നേതാവുമായി അടുത്ത ബന്ധമുള്ളവരായിരുന്നു അന്ന് പിടിയിലായത്. പാലക്കാട്ടെ ആക്രമണവുമായി തൃശൂരിലെ സ്‌ഫോടനവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

© 2025 Live Kerala News. All Rights Reserved.