മേഘവിസ്‌ഫോടനത്തെത്തുടര്‍ന്ന് പ്രളയം അപഹരിച്ചത് ഒരു ഗ്രാമത്തെയൊന്നാകെ; മിന്നല്‍ പ്രളയംകൊണ്ടുപോയത് മൂന്ന് ജീവനുകളെ; പ്രതീക്ഷയറ്റ് ജനങ്ങള്‍

ശ്രീനഗര്‍: മേഘവിസ്‌ഫോടനത്തിലും തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തിലും ജമ്മു കശ്മീരിലെ റംബാന്‍ ജില്ലയില്‍ ഒരു ഗ്രാമം തന്നെ ഇല്ലാതായിരിക്കുന്നു. കനത്ത നാശനഷ്ടമാണ് പ്രളയം വരുത്തിവച്ചത്. ഒറ്റ രാത്രി കൊണ്ട് പ്രദേശവാസികളുടെ വീടുകളും ജീവിതമാര്‍ഗമായ കടകളുമെല്ലാം ഒലിച്ചുപോയി.

പ്രദേശത്തെ വീടുകള്‍ക്കും കടകള്‍ക്കുമെല്ലാം വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. കല്ലും ചെളിയും എല്ലാം മൂടി എല്ലാം നശിച്ചിരിക്കുകയാണ്. പലരും ഇനിയെങ്ങനെ മുന്നോട്ടുപോകുമെന്ന കാര്യത്തില്‍ ആശങ്കയിലുമാണ്. തങ്ങളുടെ ജീവിതത്തില്‍ ഇതുവരെ ഇങ്ങനെയൊരു അപകടം കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

റംബാനിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ലേഹ് ജില്ലയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. മൂന്ന് പേര്‍ക്കാണ് മിന്നല്‍ പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്. നിരവധി പേരെ ഇതിനകം രക്ഷപ്പെടുത്തി. രക്ഷാ പ്രവര്‍ത്തനം തുടരുകയാണ് .മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം. മണ്ണിടിച്ചിലിനെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു.

© 2025 Live Kerala News. All Rights Reserved.