തിരുവനന്തപുരം: സര്‍ക്കാരിന്റെ പക്കല്‍ പണമില്ലെന്നും സമയം കൊടുക്കണമെന്നും സമരത്തില്‍ നിന്നും പിന്തിരിയണമെന്നുമുള്ള എന്‍എച്ച്എം പ്രതിനിധികളുടെ ആവശ്യം സമരം തുടരുന്ന ആശാപ്രവര്‍ത്തകര്‍ തള്ളി. തങ്ങളുടെ ആവശ്യം അംഗീകരിക്കുംവരെ സമരവുമായി മുന്നോട്ടുപോരുമെന്ന് ആശാപ്രവര്‍ത്തകരുടെ സമരസമിതി നേതാവ് മിനി പറഞ്ഞു.
ആശമാര്‍ ഉന്നയിച്ച ഒരു ആവശ്യവും ചര്‍ച്ച ചെയ്യാനോ തീരുമാനത്തിലേക്ക് പോകാനോ കഴിഞ്ഞിട്ടില്ലെന്ന് എന്‍എച്ച്എം പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ആശാപ്രവര്‍ത്തക സമരസമിതി പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓണറേറിയം സംബന്ധിച്ചുള്ള വിചിത്രമായ ഉത്തരവിനെ കുറിച്ചാണ് ചര്‍ച്ച നടത്തിയതെന്നും മിനി പറഞ്ഞു.അനിശ്ചിതകാല നിരാഹാര സമരം തുടരും.
ഓണറേറിയം ഉത്തരവിലെ നമുക്കുള്ള സംശയങ്ങള്‍ ബോധ്യപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. നിലവിലെ ഓണറേറിയത്തില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് അറിയിച്ചു. മന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരം ഉണ്ടാക്കാമെന്ന് പറഞ്ഞിട്ടുണ്ട്. ഉടന്‍ വേണമെന്ന് തങ്ങളും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സമരസമിതി വ്യക്തമാക്കി. ഇന്ന് എന്‍എച്ച്എം ഓഫീസിലാണ് ചര്‍ച്ച നടത്തിയത്. സമരം മതിയാക്കി പോകണമെന്നാണ് ആകെ പറയുന്നത്. ക്രമാനുഗതമായ വര്‍ധനവ് ഉണ്ടാകുന്നുണ്ടല്ലോയെന്നും പറയുന്നു. എന്നാല്‍ ആവശ്യത്തില്‍ നിന്നും പിന്മാറില്ലെന്ന് സമരസമിതിയും അറിയിച്ചു.