125 കോടി ഇന്ത്യന്‍ ജനത വിപണി മാത്രമല്ല, വന്‍ ശക്തിസ്രോതസുമെന്ന് മോദി

 

മസ്ദര്‍ സിറ്റി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വ്യവസായികളെ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനം. 125 കോടിയിലധികം വരുന്ന ഇന്ത്യന്‍ ജനത ഒരു വിപണി മാത്രമല്ലെന്നും വന്‍ ശക്തി സ്രോതസുമാണെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഇന്ത്യയില്‍ പണം മുടക്കാനായി മോദി യുഎഇയിലെ വ്യവസായികളെ ആഹ്വാനം ചെയ്തത്. ഒരു ലക്ഷം കോടി ഡോളര്‍ മുതല്‍മുടക്കാനുള്ള സാധ്യതകളാണ് നിലവില്‍ ഇന്ത്യയിലുള്ളതെന്നും മോദി പറഞ്ഞു.

ലോകത്തിലെതന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു മോദി ചൂണ്ടിക്കാട്ടി. ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നാണ് ലോകം പൊതുവില്‍ കരുതുന്നത്. വികസനത്തിന് ഇന്ത്യയില്‍ തുറന്ന അവസരങ്ങളാണുള്ളത്. ലോകബാങ്കും, ഐഎംഎഫും ഉള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായിട്ടാണ് ഇന്ത്യയെ കാണുന്നത് മോദി പറഞ്ഞു. ഏഴുവര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ 500 ലക്ഷം ചെലവുകുറഞ്ഞ വീടുകള്‍ നിര്‍മിക്കുമെന്നും അദേഹം വ്യക്തമാക്കി.

ഇന്ത്യയും യുഎഇയും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചാല്‍ അത് ഏഷ്യയുടെ ഭാവിയെത്തന്നെ മാറ്റിമറിക്കുമെന്ന ശുഭപ്രതീക്ഷയും മോദി പ്രകടിപ്പിച്ചു. ഇന്ത്യയുടെ വളര്‍ച്ചാ സാധ്യതകളും യുഎഇയുടെ ശക്തിയും ചേര്‍ന്നാല്‍ ഏഷ്യയുടെ നൂറ്റാണ്ടെന്ന സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നും മോദി പ്രത്യാശ പ്രകടിപ്പിച്ചു. പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചകള്‍ തൃപതികരമായിരുന്നുവെന്ന് യുഎഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സയ്യീദ് അല്‍ മന്‍സൂരി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.