ഗ്രഹപ്രവേശം കഴിഞ്ഞ് സുനിത ചരിത്രത്തിലേക്ക് പറന്നിറങ്ങി; മെക്‌സിക്കല്‍ ഉള്‍ക്കടലിലാണ് പേടകമിറങ്ങിയത്

ഫ്‌ളോറിഡ: ഒന്‍പതു മാസത്തിലേറെ നീണ്ട ബഹിരാകാശ ഗവേഷണത്തിന് സുനിത വില്യാംസ് ഭൂമിയില്‍ പറന്നിറങ്ങി. സുനിത വില്യംസും ബുച്ച് വില്‍മോറുമാണ് സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തിയത്. ഇന്ത്യന്‍സമയം ബുധനാഴ്ച പുലര്‍ച്ചെ 3.27ന് മെക്‌സിക്കോ ഉള്‍ക്കടലിലാണ് ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നീ ബഹിരാകാശ യാത്രികരും സുനിതയ്ക്കും വില്‍മോറിനുമൊപ്പമുണ്ടായിരുന്നു.

കടല്‍പരപ്പിലിറങ്ങിയ പേടകത്തിനടുത്തേക്ക് ആദ്യമെത്തിയത് നേവി സീലിന്റെ ബോട്ടാണ്. പത്തു മിനിറ്റോളം നീണ്ട സുരക്ഷാപരിശോധനയ്ക്കു ശേഷം പേടകത്തെ എംവി മേഗന്‍ എന്ന റിക്കവറി ഷിപ്പിലേക്കു മാറ്റി. 4.10ന് പേടകത്തിന്റെ വാതില്‍ തുറന്നു. 4.25 ഓടെ യാത്രികരെ ഓരോരുത്തരെയായി പുറത്തിറക്കി. ഇവരെ പ്രത്യേക സ്ട്രച്ചറില്‍ മെഡിക്കല്‍ പരിശോധനകള്‍ക്കായി കൊണ്ടു പോയി. ഇവരെ നാസയുടെ ഹൂസ്റ്റണിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്ററില്‍ കൊണ്ടുപോകുക.

മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഇറങ്ങിയ ഡ്രാഗണ്‍ ഫ്രീഡം പേടകത്തെ വരവേറ്റത് യുഎസ് കോസ്റ്റ് ഗാര്‍ഡിനൊപ്പം ഡോള്‍ഫിന്‍ കൂട്ടവുമാണ് എന്നത് കൗതുകകരമായി. പേടകത്തിന് സമീപത്ത് കൂടി നീന്തിത്തുടിക്കുന്ന ഡോള്‍ഫിനുകളുടെ ആകാശ ദൃശ്യം നാസ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചു.

ബോയിങ്ങിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാര്‍മൂലം അതിലുള്ള മടക്കയാത്ര നീണ്ടത്. സുനിതയുടെ ചരിത്രനേട്ടം ലോകത്തിന്റെ നെറുകയിലാണ്.

© 2025 Live Kerala News. All Rights Reserved.