ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ മൊഴി നല്‍കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിക്കരുത്; മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും ഹൈക്കോടതി

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മൊഴി നല്‍കാന്‍ താല്‍പ്പര്യം ഇല്ലാത്തവരെ നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശവുമായി കേരള ഹൈക്കോടതി. അന്വേഷണത്തിന്റെ പേരില്‍ ആരെയും ബുദ്ധിമുട്ടിക്കരുത്. പ്രത്യേക അന്വേഷണ സംഘം ആരെയെങ്കിലും ബുദ്ധിമുട്ടിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാവുന്നതാണെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം.

നോട്ടീസ് കിട്ടിയവര്‍ക്ക് മജിസ്‌ട്രേറ്റിന് മൊഴി നല്‍കാമെന്നും അല്ലെങ്കില്‍ ഹാജരായി താല്‍പ്പര്യമില്ലെന്ന് അറിയിക്കാമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, സി എസ് സുധ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് കേസ് പരിഗണിച്ചത്. സിനിമാമേഖലയിലെ ലൈംഗിക ചൂഷണം അടക്കം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നത് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് 50 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്ന് സര്‍ക്കാര്‍ നേരത്തെ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. നാല് കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഭൂരിഭാഗം കേസുകളിലും ഇരകള്‍ മൊഴി നല്‍കാന്‍ തയ്യാറാകുന്നില്ല. ഇതേത്തുടര്‍ന്ന് ഏതാണ്ട് മുപ്പതോളം കേസുകള്‍ അവസാനിപ്പിക്കേണ്ട സ്ഥിതിയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മൊഴി നല്‍കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചത്.

© 2025 Live Kerala News. All Rights Reserved.