ജെറുസലേം: ഗാസയില്‍ വീണ്ടും ഇസ്രേയേലിന്റെ ക്രൂരത. കൂട്ടക്കുരുതിയില്‍ നൂറോളം പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കെയാണ് ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും ആക്രമണം തുടങ്ങിയത്. ജനുവരി 19നു വെടി നിര്‍ത്തല്‍ വന്നതിനു ശേഷം നടന്ന ഏറ്റവും വലിയ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തില്‍ നിരവധി കുട്ടികളടക്കം കൊല്ലപ്പെട്ടതായാണ് പുറത്തു വരുന്ന വിവരം.
ഗാസയിലെ ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നു ഇസ്രയേല്‍ വ്യക്തമാക്കി. ഗാസയില്‍ ആക്രമണം പുനരാരംഭിച്ചെന്നു ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് വ്യക്തമാക്കി. ഇസ്രയേല്‍ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഹമാസ് ആരോപിച്ചു. ബന്ദികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുന്ന നീക്കമാണ് ഇസ്രയേലിന്റെ നടപടിയെന്നും ഹമാസ് വ്യക്തമാക്കി. ബന്ദികളെ മുഴുവന്‍ മോചിപ്പിക്കണമെന്നു ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം കടുപ്പിക്കുമെന്നും ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹമാസും തിരിച്ചടിച്ചാല്‍ ഗാസയില്‍ വീണ്ടും രക്തപ്പുഴ ഒഴുകും.