സിപിഐ മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്നു; കൊച്ചിയില്‍ എ.ഐ.വൈ.എഫ് നേതാക്കള്‍ ഉള്‍പ്പടെ ബിജെപിയിലേക്ക്..

കടവന്ത്ര (കൊച്ചി): ”കൊടിപിടിക്കാനും ആളെ കൂട്ടാനും ഞങ്ങള്‍ കോളനിക്കാര്‍ വേണം. കമ്മ്യൂണിസ്റ്റുകാരായി കഴിഞ്ഞ ഞങ്ങള്‍ക്ക് കോളനിയുടെ പേരുപോലും നഷ്ടപ്പെട്ടു. വര്‍ഷങ്ങളായി നടക്കുന്ന മതപരിവര്‍ത്തനം നേതൃത്വത്തിന് മുമ്പില്‍ ചൂണ്ടിക്കാട്ടിയിട്ടും നടപടിയെടുത്തില്ല. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മതപരിവര്‍ത്തനത്തിന് വിധേയരായവര്‍ക്ക് മാത്രമാണ് ലഭിക്കുന്നത്. ഇത് ചോദ്യം ചെയ്താല്‍ കോളനിയില്‍ നിന്നുതന്നെ ഓടിക്കുമെന്ന അവസ്ഥ വന്നപ്പോഴാണ് ഞങ്ങള്‍ ബിജെപിയില്‍ ചേരാന്‍ തീരുമാനിച്ചത്”. സിപിഐയുടെ യുവജന നേതാവിന്റേതാണ് ഈ വാക്കുകള്‍. എഐവൈഎഫിന്റെ തൃക്കാക്കര നിയോജകമണ്ഡലം ജോയിന്റ് സെക്രട്ടറിയും സിപിഐയുടെ ബ്രാഞ്ച് സെക്രട്ടറിയും ആയിരുന്ന വിനീത് തിട്ടേത്തറയുടെ നേതൃത്വത്തില്‍ പത്തോളം പ്രാദേശിക നേതാക്കളും കുടുംബങ്ങളുമാണ് ചിലവന്നൂരിലെ പട്ടികജാതി കോളനിയില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നത്. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കോളനിയുടെ പേര് മാറ്റാന്‍ കൗണ്‍സിലര്‍ ശ്രമിച്ചപ്പോള്‍ സിപിഐ നേതൃത്വം കൗണ്‍സിലറെ സഹായിക്കുന്ന നടപടിയാണ് സ്വീകരിച്ചതെന്ന് ഇവര്‍ പറഞ്ഞു. കോളനിനിവാസികള്‍ക്കൊപ്പം നിന്ന് സഹായിച്ചത് ബിജെപി മാത്രമാണ്. വരുംദിവസങ്ങളില്‍ കോളനിയിലെ നിരവധിപേര്‍ ബിജെപിയില്‍ എത്തും. സ്വാതന്ത്ര്യദിനത്തില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് ബാബുരാജ് തച്ചേത്ത് ഇവരെ അംഗത്വം നല്‍കി സ്വീകരിച്ചു. കര്‍ഷകമോര്‍ച്ച ജില്ല സെക്രട്ടറി സി.സതീശന്‍, ന്യൂനപക്ഷ മോര്‍ച്ച ജില്ല പ്രസിഡന്റ് ജെയ്‌സണ്‍ എളംകുളം, ബിജെപി ജില്ല സമിതിയംഗം പി.ആര്‍. ഓമനക്കുട്ടന്‍ എന്നിവര്‍ പങ്കെടുത്തു.
Courtesy:www.janmabhumidaily.com

© 2024 Live Kerala News. All Rights Reserved.