യുവാവ് അലക്ഷ്യമായി വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ചു ‘കൊടുത്തു’, പിഴയും ഈടാക്കി; കയ്യടിക്കണം കുന്നംകുളം നഗരസഭാ ആരോഗ്യവിഭാഗത്തിന്

തൃശൂര്‍: യുവാവ് അലക്ഷ്യമായി റോഡില്‍ വലിച്ചെറിഞ്ഞ മാലിന്യം തിരികെ വീട്ടിലെത്തിച്ച്, പിഴയീടാക്കി കുന്നംകുളം നഗരസഭാധികൃതര്‍. കുന്നംകുളം നഗരസഭയുടെ പട്ടാമ്പി റോഡില്‍ മൃഗാശുപത്രിക്ക് സമീപം ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി 5000 രൂപ പിഴ ഈടാക്കിയത്.

ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിച്ചത്. ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
ഭക്ഷണ ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്.

മാലിന്യത്തില്‍നിന്ന് ലഭിച്ച മേല്‍വിലാസം ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തിയെ ബന്ധപ്പെട്ടത്. ലൊക്കേഷന്‍ അയച്ചു തന്നതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ വ്യക്തിയുടെ വീട് കണ്ടെത്തി. കൊറിയര്‍ ഉണ്ടെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ വിളിച്ചുവരുത്തി. അപ്പോഴാണ് ബാംഗ്ലൂര്‍ ഐ ടി മേഖലയില്‍ ജോലി ചെയ്യുന്ന കുന്നംകുളം കണിയാമ്പല്‍ സ്വദേശിയാണ് മാലിന്യം റോഡരികില്‍ തള്ളിയതെന്ന് കണ്ടെത്തിയത്.

ഉദ്യോഗസ്ഥര്‍ സ്‌നേഹപൂര്‍വം യുവാവ് റോഡില്‍ വലിച്ചെറിഞ്ഞ മാലിന്യ പാക്കറ്റ് തിരികെ ഏല്‍പ്പിച്ചു. പിഴയും ഈടാക്കി. ചെയ്ത തെറ്റ മാലിന്യം വലിച്ചെറിഞ്ഞയാള്‍ക്ക് ബോധ്യമായതിനാല്‍ അയാളുടെ പേര് വ്യക്തമാക്കാന്‍ നഗരസഭാധികൃതര്‍ തയ്യാറായില്ല. പൊതുസ്ഥലങ്ങളിള്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കട്ടെ

© 2025 Live Kerala News. All Rights Reserved.