കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ആനകളെ എഴുന്നെള്ളിച്ചത് ആനപരിപാലന ചട്ടം ലംഘിച്ചെന്ന് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. ആനയുടെ തൊട്ടടുത്ത് കതിന പൊട്ടിച്ചതാണ് പ്രകോപനം കാരണം. ആനകള്‍ പരസ്പരം കുത്തി വിരണ്ടോടുമ്പോള്‍ 200 മീറ്റര്‍ മാത്രം അകലെ മറ്റൊരു ആനയുമുണ്ടായിരുന്നു. സമീപത്തുള്ള കാട്ടുവയല്‍ ക്ഷേത്രത്തിലെ വരവിനൊപ്പമുള്ള ആനയായിരുന്നു ഇത്. താലപ്പൊലിയെടുത്തു സ്ത്രീകളും കുട്ടികളുമടക്കമുള്ളവരും ഉണ്ടായിരുന്നു. വരവിനൊപ്പമുള്ള ഈ ആനയ്ക്ക് അരികിലൂടെയാണ് വിരണ്ടോടിയ ഒരാന കടന്നു പോയത്. വലിയ വീതിയൊന്നുമുള്ള വഴിയായിരുന്നില്ല.
വരവ് ക്ഷേത്രത്തില്‍ എത്തിയ സമയത്താണ് അപകടമുണ്ടായത് എങ്കില്‍ ദുരന്തത്തിന്റെ വ്യാപ്തി ഇങ്ങനെ ആയിരിക്കില്ല. തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായതെന്നു നാട്ടുകാര്‍ പറയുന്നു. വരവ് കാണുന്നതിനായി ആളുകള്‍ ക്ഷേത്രത്തിനു സമീപത്ത് നില്‍ക്കുമ്പോഴാണ് ആനയോടി എന്ന വാര്‍ത്ത പരക്കുന്നത്. ഇതോടെ ആളുകള്‍ പലവഴിക്കു ചിതറിയോടി. ആന എവിടെ നിന്നു എങ്ങോട്ടാണ് ഓടിയത് എന്നതറിയാതെ ജനങ്ങള്‍ പരിഭ്രാന്തരായി. പലരും അടുത്ത വീടുകളിലേക്ക് ഓടിക്കയറി. ഓടാന്‍ സാധിക്കാതെ ചിലര്‍ പേടിച്ചരണ്ട അവസ്ഥയിലായിരുന്നു.
ക്ഷേത്രത്തില്‍ നിന്നു ആന പുറത്തേക്ക് ഓടി എന്നറിഞ്ഞതോടെ ക്ഷേത്രത്തിലേക്ക് മുന്നിലേക്കാണ് പലരും ഓടിയെത്തിയത്. അതോടെ അവിടെ ജനങ്ങളുടെ തിക്കും തിരക്കുമായിരുന്നു. തിക്കിലും തിരക്കിലും പെട്ട് മൂന്ന് മനുഷ്യജീവനുകളാണ് പൊലിഞ്ഞത്.
ആനകള്‍ പരസ്പരം ആക്രമിച്ച സ്ഥലത്തും ഭീതിദമായ സ്ഥിതിയായിരുന്നു. ക്ഷേത്ര നടയില്‍ പരിക്കേറ്റവര്‍ രക്തത്തില്‍ കുളിച്ചു കിടന്നു. തലയ്ക്കും കാലിനും പരിക്കേറ്റവരെ കിട്ടുന്ന തുണി കൊണ്ടു കെട്ടിയാണ് മാറ്റിയത്. ക്ഷേത്രത്തിനു തെക്കുഭാഗത്തെ ഓഫീസ് കെട്ടിടത്തിനു തൊട്ടടുത്തുള്ള തിടപ്പള്ളി രണ്ടാനകളും ചേര്‍ന്നു അപ്പാടെ തകര്‍ത്തിരുന്നു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന തിരച്ചിലിലായിരുന്നു പലരും. അതിനകത്തു ആരുമില്ലെന്നു ഉറപ്പാക്കി.
ഉത്സവങ്ങള്‍ക്കും നേര്‍ച്ചകള്‍ക്കും പെരുന്നാളുകള്‍ക്കുമെല്ലാം ആനകളെ ഉപയോഗിക്കുന്നതില്‍ ബഹുഭൂരിഭാഗവും ചട്ടം മറികടന്നാണെന്നിരിക്കെ വിശ്വാസത്തിന്റെ പേരില്‍ പലപ്പോഴും നടപടിയുണ്ടാകാറില്ല. കടുത്ത ചൂടിന് പിന്നാലെ കാതടപ്പിക്കുന്ന വെടിക്കെട്ടുകൂടിയാവുമ്പോള്‍ ആന പോലൊരു വന്യജീവിക്ക് പിടിച്ചുനില്‍ക്കാനാവില്ല. കൊയിലാണ്ടിയിലും സംഭവിച്ചത് അതാണ്.