കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടെ ഉഗ്രശബ്ദത്തോടെ കരിമരുന്ന് പ്രയോഗത്തെത്തുടര്‍ന്ന് രണ്ട് ആനകള്‍ ഇടഞ്ഞു. തിക്കിനും തിരക്കിനുമിടയില്‍പ്പെട്ട രണ്ട് പേര്‍ വീണ് മരിച്ചു. കുറുവങ്ങാട് സ്വദേശികളാണ് മരിച്ചത്. ലീല(85), അമ്മുക്കുട്ടി(85) എന്നിവരാണ് മരിച്ചത്.
നിരവധി പേര്‍ക്ക് പരുക്ക്. വൈകിട്ട് ആറോടെയാണ് സംഭവം. കരിമരുന്ന് പ്രയോഗത്തിന്റെ പ്രകമ്പനത്തില്‍ സമീപത്തെ കെട്ടിടങ്ങളുടെ ഓടുകളും ഇളകി വീണിരുന്നു. പടക്കം പൊട്ടിയ ഉഗ്രശബ്ദത്തിലാണ് ആന ഇടഞ്ഞത്. ഇതോടെ പരിഭ്രാന്തരായി ആളുകള്‍ ഓടി. തിടമ്പേറ്റിയ ആനയാണ് ഇടഞ്ഞത്. ഈ ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു.
ഇതോടെ രണ്ട് ആനകളും ക്ഷേത്രത്തിന് പുറത്തേക്ക് ഓടി. തുടര്‍ന്ന് ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയവര്‍ ചിതറിയോടി. ഇതിനിടെയാണ് വീണ് പലര്‍ക്കും പരുക്കേറ്റത്. വീണ് പരിക്കേണ്ട രണ്ട് പേരാണ് മരിച്ചത്. ക്ഷേത്ര വളപ്പിന് പുറത്തേക്ക് ഓടിയ ആനകളെ ഏറെ നേരത്തെ പരിശ്രമത്തിലാണ് തളച്ചത്.
പരുക്കേറ്റ 30ഓളം പേരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. മരിച്ചവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും.