ചോറ്റാനിക്കരയില്‍ യുവതി മരിക്കുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിനിരയായി; ചുറ്റികൊണ്ട് തലക്കടിച്ചു; പ്രതി അനൂപിനെതിരെ കൊലപാതകത്തിനും കേസ്

കൊച്ചി: ചോറ്റാനിക്കരയില്‍ യുവതി മരിച്ചത് സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായതിന് ശേഷമെന്ന് പൊലീസ്. പ്രതി അനൂപിനെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പൊലീസ് ചുമത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യസഹായം നിഷേധിച്ചത് മരണത്തിലേക്ക് നയിച്ചെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യല്‍ ഉള്‍പ്പടെ പൂര്‍ത്തിയാക്കിയ ശേഷമാണ് പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്തത്. നേരത്തെ പ്രതിക്കെതിരെ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിന്നത്. യുവതിക്ക് ക്രൂരമായി മര്‍ദ്ദനമേറ്റതായും ലൈംഗിക പീഡനത്തിനിരയാക്കിയതായും പോസ്റ്റ്‌മോര്‍ട്ട് റിപ്പോര്‍ട്ടിലുണ്ട്.

ജനുവരി 26നു വൈകിട്ടാണു പെണ്‍കുട്ടിയെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ ഉറുമ്പരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്. തലയിലും മുഖത്തും ഗുരുതരമായി ക്ഷതമേറ്റിരുന്നു. കഴുത്തില്‍ കയര്‍ മുറുകിയ പാടുണ്ടായിരുന്നു. കയ്യിലും മുറിവേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍, പെണ്‍കുട്ടിയുടെ അടുപ്പക്കാരനായ അനൂപിനെ കണ്ടതോടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അനൂപിന്റെ സംശയരോഗം മൂലം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ പതിവായിരുന്നു. ലൈംഗികമായി ഉപദ്രവിച്ചെന്നും ചുറ്റിക കൊണ്ടടക്കം ആക്രമിച്ചെന്നും പ്രതി പൊലീസിന് മൊഴി നല്‍കിയിരുന്നു.

അതിക്രമം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിച്ചിരുന്നു. ഫാനില്‍ കെട്ടിത്തൂങ്ങിയ പെണ്‍കുട്ടി പിടയുന്നതു കണ്ടു പ്രതി ഷാള്‍ മുറിച്ചു താഴെയിട്ടു. പെണ്‍കുട്ടി ബഹളമുണ്ടാക്കിയപ്പോഴാണു പ്രതി ബലം പ്രയോഗിച്ചു വായ പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചത്. ഇതിനിടെ പെണ്‍കുട്ടി ബോധരഹിതയായപ്പോള്‍ മരിച്ചെന്നു കരുതി ഇയാള്‍ സ്ഥലം വിടുകയായിരുന്നു. അനൂപുമായി അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെ പലപ്പോഴായി ഇയാള്‍ മര്‍ദ്ദിച്ചിരുന്നതായും വിവരമുണ്ട്.

© 2025 Live Kerala News. All Rights Reserved.