ടി പിയുടെ കൊലയാളികള്‍ക്കൊപ്പം തന്നെ സര്‍ക്കാര്‍; കുറ്റവാളികള്‍ക്ക് യഥേഷ്ടം പരോള്‍; സഭയില്‍ കത്തിക്കയറി തിരുവഞ്ചൂര്‍

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ കുറ്റവാളികള്‍ക്ക് യഥേഷ്ടം പരോള്‍ നല്‍കിയിരുന്നതായി കണക്കുകള്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലാണ് ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്. ടിപി കേസിലെ മൂന്നു പ്രതികള്‍ക്ക് ആയിരത്തിലേറെ ദിവസമാണ് പരോള്‍ ലഭിച്ചത്.

കെസി രാമചന്ദ്രന്‍ (1081 ദിവസം), ട്രൗസര്‍ മനോജ് (1068 ദിവസം), സജിത്ത് (1078 ദിവസം) എന്നിവര്‍ക്കാണ് ആയിരം ദിവസത്തിലധികം പരോള്‍ ലഭിച്ചത്. ആറു പ്രതികള്‍ക്ക് 500ലധികം ദിവസവും പരോള്‍ ലഭിച്ചു. ടി കെ രജീഷ് (940), മുഹമ്മദ് ഷാഫി (656), ഷിനോജ് (925). റഫീഖ് (782), കിര്‍മാണി മനോജ് (851), എം സി അനൂപ് (900) എന്നിങ്ങനെയാണ് പരോള്‍ ലഭിച്ചത്. ടിപി കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസവും പരോള്‍ ലഭിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

ടിപിയെ കൊലപ്പെടുത്തിയത് പാര്‍ട്ടിയല്ലെന്ന് നാഴികക്ക് നാല്‍പ്പത് വട്ടവും ആണയിടുന്ന സിപിഎമ്മും പിണറായി സര്‍ക്കാറും പിന്നെന്തിന് കുറ്റവാളികള്‍ക്കൊപ്പം നിലകൊള്ളുന്നുവെന്ന പ്രതിപക്ഷ ചോദ്യത്തിന് മാത്രം ഉത്തരമില്ല. 2012ല്‍ ടിപി കൊല്ലപ്പെട്ടതിന് ശേഷം ഇതുവരെയും ടിപിയുടെ ഘാതകര്‍ക്കൊപ്പമാണ് പാര്‍ട്ടിയിലെ ഒരു വിഭാഗമെങ്കിലും.

കുറ്റവാളികളുടെ കുടുംബത്തിലെ കല്യാണത്തിനും ഗൃഹപ്രവേശനത്തിനുമെല്ലാം തരംപോലെ പാര്‍ട്ടി നേതാക്കള്‍ പോകാറുമുണ്ട്. ടിപിയെ കൊന്നത് പാര്‍ട്ടിയല്ലെന്ന് പറയുമ്പോഴും കൊടുംകുറ്റവാളികളെ അവഗണിക്കുന്നില്ലെന്നതിന്റെ തെളിവുകളാണ് പുറത്തുവന്ന പരോള്‍ കണക്ക്.

© 2025 Live Kerala News. All Rights Reserved.