ന്യൂഡല്‍ഹി: 27 വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യതലസ്ഥാനത്തും താമരക്കുളമൊരുങ്ങി. 70 നിയമസഭാ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത മുന്നേറ്റമാണ് ബിജെപി കാഴ്ച്ചവച്ചത്. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങള്‍ ബിജെപി അനുകൂലമായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും എഎപിയുടെ പടയോട്ടത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചത്. എന്നാലിത്തവണ ബിജെപിക്ക് അനുകൂലമായാണ് കാര്യങ്ങളെന്ന് ആദ്യ ഫലസൂചനകളിലൂടെ തന്നെ വ്യക്തമായിരുന്നു.
19 എക്‌സിറ്റ്‌പോളുകളില്‍ 11 എണ്ണവും ബിജെപി ഡല്‍ഹി പിടിക്കുമെന്നായിരുന്നു. 60.59 ശതമാനമായിരുന്നു ഇത്തവണ പോളിംഗ്. ആപ്പ് അതിന്റെ പ്രഖ്യാപിത നിലപാടില്‍ നിന്ന് മാറുന്നതാണ് പതിറ്റാണ്ടിനിടെയുണ്ടായ പ്രതിഭാസം. ഹിന്ദുത്വ നിലപാടിലേക്ക് അരവിന്ദ് കെജ്രിവാള്‍ അതിവേഗം നടന്നടുത്തു. ഹിന്ദുത്വശക്തികളെ തൃപ്തിപ്പെടുത്തുന്നതിലേക്ക് അയോധ്യ യാത്ര വരെ നടത്തി. ഭരണം കയ്യാളുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയെ നയിക്കുന്ന കെജ്രിവാളിനെ ജനം കൈവിടുന്നുവെന്നതാണ് ശ്രദ്ധേയം. ന്യൂനപക്ഷ വോട്ടുകളും ആപ്പിനെ കൈവിട്ടെന്ന് വേണം അനുമാനിക്കാന്‍. ക്ഷീല ദീക്ഷ്തിന് ശേഷം ഡല്‍ഹിയില്‍ കോണ്‍ഗ്രസില്ലാതാവുന്നുവെന്നതാണ് എടുത്തുപറയേണ്ട കാര്യം.
പഴുതടച്ച പ്രചാരണങ്ങളായിരുന്നു ബിജെപിയുടേത്. കൃത്യമായി രാഷ്ട്രീയം കളിച്ച് ആപ്പ് നേതാക്കളെ കുടുക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. കാല്‍ നൂറ്റാണ്ടിലധികം കാലം തലസ്ഥാനം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയായിരുന്നു ബിജെപി. അധികാരം പിടിക്കാന്‍ വളഞ്ഞതും തിരിഞ്ഞതുമായ പലവഴികളിലൂടെ ബിജെപി സഞ്ചരിക്കുകയായിരുന്നു. ഒടുവില്‍ ഡല്‍ഹിയും ബിജെപിയുടെ കയ്യിലേക്ക്….