54 യാത്രക്കാരുമായി കാണാതായ ഇന്തൊനീഷ്യന്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

 

ജക്കാര്‍ത്ത: കിഴക്കന്‍ ഇന്തൊനീഷ്യയിലെ പാപുവ മേഖലയിലെ പര്‍വതപ്രദേശത്തു തകര്‍ന്നുവീണ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഓക്‌സിബില്ലില്‍ നിന്നു 12 കിലോമീറ്ററുകള്‍ അകലെയാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. എന്നാല്‍ ഇതിനടുത്തേക്ക് എത്തിച്ചേരാന്‍ സാധിച്ചിട്ടില്ല. ആകാശമാര്‍ഗവും നടന്നും സ്ഥലത്തേക്ക് എത്തിച്ചേരുന്നതിനുള്ള ശ്രമം തുടരുകയാണെന്ന് ദേശീയ രക്ഷാദൗത്യ ഏജന്‍സി ചീഫ് ഹെന്റി ബാംബാങ് സോലിസ്റ്റിയോ അറിയിച്ചു. പ്രദേശത്തെ ഗ്രാമീണരാണു വിമാനം പര്‍വതത്തിലിടിച്ചു തകര്‍ന്ന വിവരം അറിയിച്ചത്.

49 യാത്രക്കാരും അഞ്ച് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. രണ്ട് നവജാത ശിശുക്കളടക്കം അഞ്ചു കുട്ടികളും യാത്രക്കാരില്‍ ഉള്‍പ്പെടുന്നുണ്ട്. ആരുടെയും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെങ്കിലും എല്ലാവരും മരിച്ചിരിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. പാപുവ തലസ്ഥാനമായ ജയപുരെയിലെ സെന്താനി വിമാനത്താവളത്തില്‍നിന്ന് ഓക്‌സിബിലിലേക്കുള്ള യാത്രയ്ക്കിടെ ഒക്ബാപെയിലെ ടാങ്‌ഗോക് പര്‍വതത്തിലിടിച്ചാണു വിമാനം തകര്‍ന്നതെന്നു കരുതുന്നു.

ട്രിഗാന എയര്‍ സര്‍വീസിന്റെ എടിആര്‍ 42–300 വിമാനത്തില്‍ 49 യാത്രക്കാരും അഞ്ചു ജീവനക്കാരുമാണുണ്ടായിരുന്നത്. സുരക്ഷാ മാനദണ്ഡങ്ങളുടെയും മറ്റും പേരില്‍ 2007 മുതല്‍ യൂറോപ്യന്‍ യൂണിയന്റെ കരിമ്പട്ടികയിലുള്ളതാണു ട്രിഗാന എയര്‍ സര്‍വീസ്. 1991ല്‍ പ്രവര്‍ത്തനമാരംഭിച്ച ട്രിഗാനയുടെ ചരിത്രത്തില്‍ മുന്‍പ് 14 അപകടങ്ങളുണ്ടായിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.