കേരളത്തിന് ചിങ്ങസമ്മാനം: അദാനി ഗ്രൂപ്പുമായി വിഴിഞ്ഞം കരാറില്‍ ഇന്ന് ഒപ്പിടും

 

തിരുവനന്തപുരം: സംസ്ഥാന വികസനത്തില്‍ നാഴികക്കല്ലാവുന്ന വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനായി മലയാള പുതുവര്‍ഷപ്പിറവി ദിനമായ ഇന്നു സര്‍ക്കാരും അദാനി ഗ്രൂപ്പുമായി കരാര്‍ ഒപ്പിടും. വൈകിട്ട് അഞ്ചിനു സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ തുറമുഖ സെക്രട്ടറി ജയിംസ് വര്‍ഗീസും അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സിഇഒ: സന്തോഷ് കുമാര്‍ മഹാപത്രയുമാണു കരാര്‍ ഒപ്പിടുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തുറമുഖ മന്ത്രി കെ. ബാബു, ധനമന്ത്രി കെ.എം. മാണി, അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി എന്നിവര്‍ പങ്കെടുക്കും.

രാവിലെ ഒന്‍പതു മണിയോടെ പ്രത്യേക വിമാനത്തി!ലാണു ഗൗതം അദാനിയും സംഘവും തലസ്ഥാനത്ത് എത്തുന്നത്. ചെയര്‍മാന്‍ ഗൗതം അദാനി, മകന്‍ കരണ്‍ അദാനി, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പ്രണവ് വി. അദാനി, ഡയറക്ടര്‍മാരായ ഡോ. മലയ് മഹാദേവ, ബി. രവി, സുദീപ ഭട്ടാചാര്യ, സിഇഒ: ജി.ജെ. റാവു, ചീഫ് ഫിനാന്‍സ് ഓഫിസര്‍ ഭൂപേഷ് ചൗധരി, വൈസ് പ്രസിഡന്റുമാരായ സുമീത് അഗര്‍വാള്‍, റോയ് പോള്‍ എന്നിവരാണു സംഘത്തിലുള്ളത്. ഗൗതം അദാനി 11.30നു മുഖ്യമന്ത്രിയെയും 12.30നു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും സന്ദര്‍ശിക്കുന്നുണ്ട്. 6.30നു സംഘം തിരികെ പോകും.
25 വര്‍ഷം കരകാണാതെ അലഞ്ഞ വിഴിഞ്ഞം പദ്ധതി യാഥാര്‍ഥ്യമാക്കുന്നത് ഇച്ഛാശക്തിയുടെയും കൂട്ടായ്മയുടെയും വിജയമാണെന്നു മന്ത്രി കെ. ബാബു പറഞ്ഞു. ഇടുക്കി അണക്കെട്ടിനും നെടുമ്പാശേരി വിമാനത്താവളത്തിനും ശേഷം യാഥാര്‍ഥ്യമാകുന്ന വന്‍കിട പദ്ധതിയാണിത്. മലയാളിക്ക്് ആത്മവിശ്വാസമേകുന്ന പദ്ധതിയായി ഇതു ഭാവിയില്‍ മാറും. ഏറ്റവും കുറവു ഭൂമി ഏറ്റെടുത്തുള്ള പരിസ്ഥിതി സൗഹൃദ പദ്ധതിയായിരിക്കും ഇതെന്നും ബാബു പറഞ്ഞു.

പദ്ധതി നിര്‍മാണം നവംബര്‍ ഒന്നിനു കേരളപ്പിറവി ദിനത്തില്‍ ആരംഭിക്കും. 5552 കോടി രൂപ മുതല്‍മുടക്കുള്ള ഒന്നാംഘട്ട നിര്‍മാണത്തില്‍ 3600 കോടിയുടെ നിക്ഷേപം സംസ്ഥാനത്തിനു പുറത്തുനിന്നാണ്. പ്രത്യക്ഷ പരോക്ഷ നികുതിയിനത്തില്‍ ഗണ്യമായ വരുമാനം പ്രതീക്ഷിക്കുന്നു. നേരിട്ടുള്ള തൊഴിലവസരങ്ങള്‍ കൂടാതെ തുറമുഖ അനുബന്ധ വ്യവസായങ്ങളിലൂടെ പരോക്ഷമായും ഏറെ തൊഴിലവസരങ്ങളുണ്ടാകും. കണ്ടെയ്‌നര്‍ ഹാന്‍ഡ്!ലിങ്, ലോജിസ്റ്റിക് എന്നീ അനുബന്ധ വ്യവസായങ്ങളും ഇതോടൊപ്പം വളരും.

കടല്‍ മാര്‍ഗമുള്ള ചരക്കു ഗതാഗതത്തിന് ആക്കം കൂട്ടാനും വിഴിഞ്ഞം തുറമുഖത്തിനു കഴിയും. തെക്കന്‍ കേരളത്തിനും തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകള്‍ക്കും ആവശ്യമായ പെട്രോളിയം ഉല്‍പന്നങ്ങള്‍ വിഴിഞ്ഞം തുറമുഖം മുഖേന കൈകാര്യം ചെയ്യാനുള്ള പദ്ധതി പൊതുമേഖലാ എണ്ണക്കമ്പനികള്‍ വിഭാവനം ചെയ്യുന്നുണ്ട്.

പരിസ്ഥിതി പഠന റിപ്പോര്‍ട്ട് പ്രകാരം വലിയ കടപ്പുറം പ്രദേശത്തെ 75 കമ്പവല തൊഴിലാളികളും മുല്ലൂര്‍ മേഖലയിലെ 250 ചിപ്പിത്തൊഴിലാളികളും ഉള്‍പ്പെടെ 325 പേര്‍ക്കാണു ജോലി നഷ്ടപ്പെടുകയെന്നു മന്ത്രി ബാബു പറഞ്ഞു. ഏതാണ്ടു 2000 മല്‍സ്യത്തൊഴിലാളികളുടെയും പുനരധിവാസത്തിനായി 7.1 കോടി രൂപയുടെ പാക്കേജ് നടപ്പിലാക്കും. കൂടാതെ മല്‍സ്യബന്ധന മേഖലയുടെ ഉന്നമനത്തിനായി 125.3 കോടിയും ചെലവിടും. പദ്ധതിമൂലം തീരപ്രദേശത്തു ദോഷകരമായ മാറ്റങ്ങള്‍ സംഭവിക്കുകയാണെന്നു കണ്ടെത്തിയാല്‍ പരിഹാരവും സര്‍ക്കാര്‍ നടപ്പിലാക്കും ബാബു അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.