അമേരിക്കന്‍ വിമാനദുരന്തം: മരണം 67, കണ്ടെടുത്തത് 40 മൃതദേഹങ്ങള്‍, എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍മാര്‍ക്കെതിരെ ട്രംപ്

വാഷിങ്ടണ്‍: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനവും ആര്‍മി ഹെലികോപ്റ്ററും കൂട്ടിയിടിച്ചുണ്ടായ ദുരന്തത്തില്‍ 67 പേര്‍ മരണപ്പെട്ടതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. എല്ലാ മൃതദേഹങ്ങളും പൊട്ടൊമാക് നദിയില്‍ നിന്ന് കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഇതിനകം 40 മൃതദേഹങ്ങള്‍ കരക്കെത്തിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്നും അമേരിക്കന്‍ ഏജന്‍സികള്‍ അറിയിക്കുന്നു.

വാഷിങ്ങ്ടണ്‍ ഡിസി മേഖലയിലെ തിരക്കല്ല, എയര്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നവരുടെ കഴിവില്ലായ്മയാണ് ദുരന്തത്തിന് കാരണമായതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു.’ദുഃഖകരമെന്നു പറയട്ടെ, അതിജീവിച്ചവരില്ല. സൈനിക ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് സൈനികര്‍ ഉള്‍പ്പെടെ 67 പേര്‍ അപകടത്തില്‍ മരിച്ചതായി കരുതുന്നു.’ അദ്ദേഹം പറഞ്ഞു.

മരിച്ചവരില്‍ പതിനാല് പേര്‍ ഫിഗര്‍ സ്‌കേറ്റിംഗ് താരങ്ങളാണ്. കാന്‍സാസിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. റഷ്യന്‍ ഐസ് സ്‌കേറ്റിംഗ് ദമ്പതികളായ വാഡിം നൗമോവും ഈവ്‌ജെനിയ ഷിഷ്‌കോവയും അപകടത്തില്‍ കൊല്ലപ്പെട്ടു.

© 2025 Live Kerala News. All Rights Reserved.