ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റെയിൽ പാലത്തിൽ പരീക്ഷണയോട്ടം തുടങ്ങി വന്ദേഭാരത്

ശ്രീനഗർ: ലോകത്തിലെ ഏറ്റവും ഉയരമുള്ള പാലത്തിലൂടെ ആദ്യമായി പരീക്ഷണയോട്ടം നടത്തി വന്ദേഭാരത് എക്സ്പ്രസ്. ശ്രീമാത വൈഷ്‍ണോ ദേവി കത്ര സ്റ്റേഷനിൽ നിന്നും ശ്രീനഗറിലേക്കായിരുന്നു പരീക്ഷണയോട്ടം. ഇതിനിടയിലാണ് ലോകത്തിലെ ഏറ്റവും ഉയരമേറിയ പാലമായ ചെനാബ് പാലം സ്ഥിതി ചെയ്യുന്നത്.

ഇന്ത്യയിലെ ആദ്യത്തെ കേബിൾ പാലമായി അൻജി ഖാദ് പാലവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. കശ്മീരിലെ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥ കൂടി മുന്നിൽകണ്ടാണ് റൂട്ടിലെ ട്രെയിനുകളുടെ ഡിസൈൻ നിർവഹിച്ചിരിക്കുന്നതെന്ന് റെയിൽവേ അറിയിച്ചു. മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ വരെ പ്രതിരോധിക്കുന്ന കോച്ചുകളാണ് തയാറാക്കിയിരിക്കുന്നത്.

ട്രെയിനിലെ വെള്ളവും ബയോ-ടോയിലെറ്റ് ടാങ്കുകളും തണുത്തുറയുന്നത് തടയാൻ ഏറ്റവും നൂതനമായ ഹീറ്റിങ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കത്രയിൽ നിന്നും ശ്രീനഗറിലേക്കുള്ള പാത തുറക്കുന്നതോടെ ജമ്മുകശ്മീരിന്റെ ടൂറിസം വികസനത്തിൽ വലിയ പുരോഗതിയുണ്ടാവുമെന്നാണ് പ്രതീക്ഷ. നേരത്തെ വന്ദേഭാരതിനെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര​ മോദിയും ​കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും രംഗത്തെത്തിയിരുന്നു.

© 2025 Live Kerala News. All Rights Reserved.