മുംബൈ: സെയ്ഫ് അലി ഖാനെ കുത്താനുപയോഗിച്ച കത്തിയുടെ ഒരു ഭാഗം കണ്ടെത്തി. നടൻ്റെ ബാന്ദ്രയിലെ വസതിയ്ക്ക് സമീപമുള്ള തടാകത്തിനോട് ചേർന്ന ട്രഞ്ചിൽ നിന്നാണ് കത്തിയുടെ ഒരുഭാഗം കണ്ടെടുത്തത്. അതേസമയം 2.5 ഇഞ്ച് നീളമുള്ള കത്തിയുടെ ഒരുഭാഗം സെയ്ഫ് അലി ഖാൻ്റെ ശരീരത്തിൽ നിന്നും നേരത്തെ പുറത്തെടുത്തിരുന്നു. ലീലാവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഈ ഭാഗം പുറത്തെടുത്തത്.
കഴിഞ്ഞ ദിവസം പൊലീസ് പ്രതിയെ തടാകത്തിന് സമീപത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനിടെ വോർളിയിലെ ബാർബർ ഷോപ്പ് ഉടമയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. സെയ്ഫ് അലി ഖാനെ ആക്രമിച്ചതിന് ശേഷം പ്രതി ബാർബർ ഷോപ്പിലെത്തി മുടിമുറിച്ചിരുന്നു. ഇതേത്തുടർന്നാണ് ബാർബർ ഷോപ്പ് ഉടമയെ ചോദ്യം ചെയ്തത്. ബാന്ദ്രയിലെ വീട്ടിൽ വെച്ചാണ് സെയ്‌ഫ് അലി ഖാന് കുത്തേറ്റത്. പുലർച്ചെ നടന്റെ ബാന്ദ്ര വീട്ടിലെത്തിയ അക്രമി അദ്ദേഹത്തെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു.