ഇരുമ്പഴികള്‍ ഭേദിച്ച്‌ അക്ഷരക്കൂട്ടുകള്‍ വെളിച്ചത്തിലേക്ക് ! ലിസി ഇപ്പോഴും ഇരുട്ടറയിലാണ്….

സി വി സിനിയ

ജീവിതം സിനിമയാകുന്നത് സ്വാഭാവികം. എന്നാല്‍ സിനിമ ജീവിതമാകുന്നതോ ? ഛായഗ്രഹകനായ വേണു സംവിധാനം ചെയ്ത ‘മുന്നറിയിപ്പ്’ എന്ന ചലച്ചിത്രം മലയാളികള്‍ക്കു ആര്‍ക്കും മറക്കാന്‍ സാധിക്കില്ല.മമ്മൂട്ടി തടവുകാരനായും അപര്‍ണ്ണ ഗോപിനാഥ് പത്രപ്രവര്‍ത്തകയായും അഭിനയിച്ചു തകര്‍ത്ത സിനിമ.ഈ കഥാപാത്രങ്ങള്‍ റീല്‍ ലൈഫില്‍ നിന്നും റിയല്‍ ലൈഫിലേക്കു വന്നാല്‍ എങ്ങനെയിരിക്കും? അതാണ് സുബിന്‍ മാനന്തവാടിയും തടവുകാരിയായ ലിസി ശശിയുടെയും ജീവിതം നമുക്ക് പറഞ്ഞു തരുന്നത്.യഥാര്‍ത്ഥ ജീവിതത്തിലേക്കെത്തുമ്പോള്‍ അപര്‍ണ്ണ ഗോപിനാഥിന്റെ വേഷത്തില്‍ സുബിന്‍ മാനന്തവാടിയും അപ്പുണ്ണി(മമ്മൂട്ടി)യുടെ വേഷത്തില്‍ ലിസിയുമാണ്. തടവുകാരനോടു തന്റെ ആത്മ കഥ എഴുതുവാന്‍ നിര്‍ബന്ധിക്കുന്ന പത്രപ്രവര്‍ത്തകയെയാണ് മുന്നറിയിപ്പ് എന്ന ചിത്രത്തില്‍ കണ്ടതെങ്കില്‍ പത്രപ്രവര്‍ത്തകന്‍ പറയുമ്പോഴേക്കും കഥകളും കവിതകളും എഴുതി തുടങ്ങുന്ന തടവുകാരിയാണ് ലിസി.

14 കവിതകളും എട്ടു കഥകളുമാണ് ലിസി ജയിലഴികള്‍ക്കുള്ളില്‍ വച്ച് എഴുതിയത്.കോക്കോപെല്ലി പബ്ലിക് റിലേഷന്‍സ് എം ഡിയും പത്രപ്രവര്‍ത്തകനുമായ സുബിന്‍ മാനന്തവാടിയാണ് ലിസിയുടെ കഥകളും കവിതകളും ജീവിത കഥയുമെല്ലാം പുറം ലോകത്തേക്കെത്തിക്കുന്നത്.ലിസി സ്വന്തം കൈപ്പടത്തിലെഴുതിയ ജീവിതവും തുറങ്കിലടയ്ക്കപ്പെട്ട സ്വപനങ്ങളും സുബിന്‍ മാനന്തവാടിയുടെ വിവരണങ്ങളോടെ ഈ മാസം പുറത്തിറങ്ങും.’കുറ്റവാളിയില്‍ നിന്ന് എഴുത്തുക്കാരിയിലേക്ക്’ എന്നാണ് പുസ്തകത്തിന്റെ പേര്.പൂര്‍ണ്ണ പബ്ലിക്കേഷന്‍സാണ് പ്രസിദ്ധികരിക്കുന്നത്.

തന്റെ അനുഭവങ്ങള്‍ക്കൊണ്ടാണ് എഴുത്തുക്കാരിയിലേക്കു വന്നത് എന്നു തന്നെ പറയാം.മലയാളത്തില്‍ ആദ്യമായാണ് ഒരു തടവുകാരിയുടെ പുസ്തകം തടവുകാരിക്കു മുന്‍പേ ഇറങ്ങുന്നത്.സ്വതന്ത്ര ജീവിതത്തില്‍ നിന്നും തടവറകളിലേക്കെത്തിച്ച കഥകളും കവിതകളുമാണ് പുസ്തകത്തിലുടനീളം.തടവറയിലെ ഒറ്റപ്പെടല്‍ എഴുത്തിന്റെ ലോകമാക്കി മാറ്റിയിരിക്കുകയാണിവിടെ.സര്‍ഗാത്മകതയുടെ തടവറയ്ക്കുള്ളിലാണ് ലിസി എന്നു തന്നെ പറയാം.
കുട്ടിക്കാലം മുതല്‍ക്കേ ലിസി വയനാട് സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ചുള്ളിയോടു വീട്ടിലായിരുന്നു.വീട്ടിലെ പട്ടിണിയും രോഗവുമാണ് ലിസിയെ തടവറയ്ക്കുള്ളിലെത്തിച്ചത്. പഠിക്കണമെന്നും വായിക്കണമെന്നും സ്വപ്‌നങ്ങള്‍ കണ്ടതല്ലാതെ പിന്നിടങ്ങോട്ടു ലിസിയെ കാത്തിരുന്നത് തടവറയായിരുന്നു.ജീവിതം പലപ്പോഴും അങ്ങനെയാണ് കണക്കു കൂട്ടലുകളെല്ലാം തെറ്റിച്ച കടന്നു വരും.പലപ്പോഴും അവയെ പഴിച്ചും ശപിച്ചും ജീവിതം വെറുതെ തള്ളി നീക്കും.
ലിസി തികച്ചും ജീവിച്ചത് ദുരിതത്തലാണ്. അന്നത്തെ ദിവസവും യാദൃച്ഛികം തന്നെ.യൗവ്വനത്തിന്റെ പ്രസരിപ്പോടെ കൂട്ടുക്കാരന്‍ പറഞ്ഞ വഴി വിശ്വസിച്ച് കൈയിലൊരു ബാഗുമായി ലിസി പുറപ്പെട്ടു.ബാഗിലെന്താണെന്ന് ലിസിക്ക് അറിയില്ല.പക്ഷേ ഈ ബാഗ് എര്‍ണാകുളം നോര്‍ത്ത് റയിവേ സ്‌റ്റേഷനില്‍ കാത്തുനില്‍ക്കുന്നയാള്‍ക്കു കൊടുത്താല്‍ പണം കിട്ടും. ബാഗു കൈമാറി പണം കിട്ടിയാല്‍ അന്നു തന്നെ നാട്ടിലേക്കു മടങ്ങാം.ലിസിയുടെ മനസ്സു മുഴുവന്‍ ആശുപത്രിക്കിടക്കയിലുള്ള തന്റെ അനിയത്തിയാണ്. അവള്‍ പാതിവെന്ത ശരീരവുമായി മരണത്തോടു മല്ലടിക്കുകയാണ്. എങ്ങനെയെങ്കിലും തിരിച്ചെത്തി മരുന്നു വാങ്ങാം.നോര്‍ത്ത് റയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്കിടയിലൂടെ ധൃതിയില്‍ ലിസി നടന്നു.പെട്ടെന്ന് പതിവില്ലാതെ പോലിസ് അവളുടെ നേരെയായിരുന്നു വരവ്. ബാഗ് പിടിച്ചു വാങ്ങി. പിന്നീട് പോലിസ് സ്‌റേറഷനില്‍ എത്തി ബാഗ് തുറന്നപ്പോഴാണ് ഉള്ളില്‍ എന്താണെന്നു പോലും ലിസി അറിയുന്നത്.അന്നേ വരെ കാണാത്ത മയക്കു മരുന്നായിരുന്നു അത്.പിന്നിടങ്ങോട്ടു തടവറയായിരുന്നു. ഇപ്പോള്‍ ജയിലില്‍ കഴിയുന്നത് അകാല വാര്‍ദ്ധക്യത്തിന്റെ അവശതയോടെയാണ്.

unnamed

മയക്കു മരുന്ന് കേസില്‍പ്പെട്ടു എത്രയോ വര്‍ഷങ്ങളായി നാട്ടില്‍ പോകാന്‍ പോലും കഴിയാതെ ബന്ധുക്കളുമായി ഒരു ബന്ധവുമില്ലാതെയാണ് ഈ വയനാട്ടുകാരി കഴിയുന്നത്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ മഴയെത്ര പെയ്‌തൊഴിഞ്ഞു,കബനിപുഴയിലുടെയും മറ്റു പുഴയിലൂടെയും വെള്ളം എത്ര ഒഴുകിപോയി, വീട്ടിലെ കൂടുതല്‍ കാര്യങ്ങളൊന്നും ലിസി അറിഞ്ഞിരുന്നില്ല.മയക്കു മരുന്നില്‍ ഹോമിക്കപ്പെട്ട ഒരു പെണ്‍ ജീവിതത്തിന് ലഭിച്ച പ്രതിഫലമായിരുന്നു ആ തടവറ. എന്നാലും ഇതുവരെയും പരോളൊന്നും ലഭിക്കാത്ത ലിസിക്ക് ഒരാഗ്രമേ ഉള്ളു. തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍,അതുപോലെ ചുള്ളിയോടു വീട്ടില്‍ സുഖമില്ലാതെ കിടക്കുന്ന തന്റെ അമ്മയെ ഒന്നു കാണാന്‍ ഇത്രയേ ലിസി ആഗ്രഹിക്കുന്നുള്ളു..എന്നാല്‍ അഴികള്‍ക്കുള്ളിലെ ഇരുട്ട് ലിസിക്ക് തന്റെ എഴുത്തിലൂടെ പുറം ലോകത്തെ വെളിച്ചമായി മാറുകയാണ്.

© 2024 Live Kerala News. All Rights Reserved.