ന്യൂഡൽഹി: 65ലക്ഷത്തോളം സ്വമിത്വ കാർഡുകൾ വിതരണം ചെയ്ത് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇത് സാമ്പത്തിക പ്രവർത്തനങ്ങൾക്ക് കരുത്ത് പകരുമെന്നും ദാരിദ്ര്യ നിർമ്മാർജ്ജനത്തിന് സഹായിക്കുമെന്നും വീഡിയോ കോൺഫറൻസിൽ ഗുണഭോക്താക്കളുമായി സംവദിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മിസോറാം, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ജമ്മു & കശ്മീരിന് പുറത്തുള്ള രണ്ട് കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിങ്ങനെ 10 സംസ്ഥാനങ്ങളിലെ 50,000-ത്തിലധികം ഗ്രാമങ്ങളിലെ ഗുണഭോക്താക്കൾക്ക് പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തു. 2.24 കോടി ആളുകൾക്ക് പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
“സ്വത്തവകാശം ഒരു ആഗോള വെല്ലു വിളിയാണ്. വർഷങ്ങൾക്ക് മുമ്പ് ഐക്യ രാഷ്ട്ര സഭ പുറത്ത് വിട്ട റിപ്പോർട്ടിൽ പല രാജ്യങ്ങളിലും കൃത്യമായ സ്വത്തവകാശത്തിനുള്ള നിയമപരമായ രേഖകൾ ലഭ്യമല്ല. ദാരിദ്ര്യ നിർമാജനത്തിന് സ്വത്തവകാശം ഉറപ്പ് വരുത്തേണ്ടതിന്റെ പ്രാധാന്യം ഐക്യ രാഷ്ട്ര സഭ എടുത്തു പറഞ്ഞിട്ടുണ്ട്” മോദി അഭിപ്രായപ്പെട്ടു. കാര്യമായ ഉൽപ്പാദനം നടക്കാത്ത മൃത സ്വഭാവമുള്ളതാണ് ഗ്രാമങ്ങളിലെ സ്വത്തെന്ന സാമ്പത്തിക വിദഗ്ദന്റെ അഭിപ്രായം അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യയിലും ഇതേ അവസ്ഥ തന്നെയാണുള്ളത്. ഗ്രാമങ്ങളിലെ ആളുകൾക്ക് കോടികളുടെ സ്വത്തുണ്ട്. എന്നാൽ അവരുടെ പക്കൽ അതിന് രേഖകളില്ലാത്തതിനാൽ അവ തട്ടിപ്പറിക്കപ്പെടുകയും ലോണുകൾ കിട്ടുന്നതിന് പോലും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. മുൻ സർക്കാരുകൾ ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്യാനുള്ള നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു. എന്നാൽ കാര്യമായൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. ദലിത്, പിന്നാക്ക, ആദിവാസി വിഭാഗങ്ങളെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിച്ചതെന്നും മോദി പറഞ്ഞു.
“നിയമപരമായ സ്വത്തവകാശം ലഭിച്ചതിന് ശേഷം, ലക്ഷക്കണക്കിന് ആളുകൾ വായ്പ എടുത്തിട്ടുണ്ട്. അവർ ഈ പണം അവരുടെ ബിസിനസ്സ് ആരംഭിക്കാൻ ഉപയോഗിച്ചു. ഇവരിൽ പലരും കർഷകരാണ്. അവർക്ക് ഈ പ്രോപ്പർട്ടി കാർഡുകൾ സാമ്പത്തിക ഭദ്രതയ്ക്ക് ഉറപ്പ് നൽകുന്നു.” അദ്ദേഹം പറഞ്ഞു. സ്വമിത്വവും ഭൂ-ആധാറും ഗ്രാമങ്ങളുടെ വികസനത്തിൻ്റെ അടിത്തറയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രി രാജീവ് രഞ്ജൻ സിംഗ് ലാലൻ, കേന്ദ്ര പഞ്ചായത്ത് രാജ് സഹമന്ത്രി എസ് പി സിംഗ് ബാഗേൽ, പഞ്ചായത്ത് രാജ് മന്ത്രാലയം സെക്രട്ടറി വിവേക് ഭരദ്വാജ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പല സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാരും കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രിമാരും പരിപാടിയുടെ ഭാഗമായി. പ്രോപ്പർട്ടി കാർഡുകളുടെ വിതരണത്തിന് 230-ലധികം ജില്ലകളിലും പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. കാർഡുകളുടെ പ്രാദേശിക വിതരണ ചടങ്ങുകൾക്ക് മേൽനോട്ടം വഹിക്കാൻ രാജ്യത്തുടനീളമുള്ള നിയുക്ത സ്ഥലങ്ങളിൽ നിന്ന് ഏകദേശം 13 കേന്ദ്ര മന്ത്രിമാർ പങ്കെടുക്കും.