ഗാസ: ബന്ദിയെ പാർപ്പിച്ച കേന്ദ്രത്തിന് നേരെ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് ഹമാസ്. സംഘടനയുടെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡാണ് ആക്രമണം നടന്ന വിവരം സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ ഹമാസ് മോചിപ്പിക്കാനിരുന്ന ബന്ദികളിലൊരാളെ പാർപ്പിച്ചിരുന്ന കേന്ദ്രത്തിന് നേരെ ആക്രമണമുണ്ടായെന്നാണ് ഹമാസ് അറിയിക്കുന്നത്.
അൽ ഖസ്സാം ബ്രിഗേഡിയറിന്റെ വക്താവായ അബു ഉബൈദയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ മോചിപ്പിക്കാനിരുന്ന ബന്ദിയെ താമസിപ്പിച്ച കേന്ദ്രത്തിന് നേരെയാണ് ആക്രമണം നടന്നതെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ നിലവിൽ ഹമാസ് തയാറായിട്ടില്ല.
നീണ്ട ഒന്നേകാൽ വർഷത്തെ സംഘർഷങ്ങൾക്ക് ശേഷം ഹമാസുമായി വെടിനിർത്തൽ കരാറിലെത്തിയെന്ന് അറിയിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ജനുവരി 15 ന് അമേരിക്ക, ഈജിപ്ത്, ഖത്തർ എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ കരാർ പ്രായോഗ്യത്തിൽ വരുമെന്ന് പറഞ്ഞിരുന്നെങ്കിലും കരാറിൽ അന്തിമ തീരുമാനം എടുക്കുന്നതിൽ കഴിഞ്ഞ ദിവസം അനിശ്ചിതത്വം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഹമാസുമായി കരാറിലെത്തിയെന്ന് ഇസ്രയേൽ അറിയിച്ചിരിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച സുരക്ഷാ കാബിനറ്റ് വിളിച്ചുചേർത്ത് കരാറിന് അംഗീകാരം നൽകുമെന്നും നെതന്യാഹു അറിയിച്ചു. ഇസ്രയേലും ഹമാസും കരാറിലെത്തിയതോടെ ഗാസയിലെ യുദ്ധം അവസാനിക്കുന്നതിനും ബന്ദിമോചനത്തിനും അത് വഴിതുറക്കുമെന്നാണ് നിലവിൽ പ്രതീക്ഷിക്കുന്നത്.
42 ദിവസം നീണ്ടു നിൽക്കുന്ന ആദ്യ ഘട്ടത്തിൽ 33 ബന്ദികളെ ഹമാസ് വിട്ടയക്കും. പകരമായി ഇസ്രയേൽ ജയിലിലുള്ള ആയിരത്തിലേറെ പലസ്തീൻ തടവുകാരെ മോചിപ്പിക്കും. വെടിനിർത്തിലിന്റെ ആറാഴ്ചക്കുള്ളിൽ തന്നെ പലസ്തീനികൾക്ക് വടക്കൻ ഗാസയിലേക്ക് മടങ്ങാനുള്ള അനുവാദവും കരാറിന്റെ ഭാഗമാണ്. മധ്യസ്ഥരായ ഖത്തറിന്റെയും ഈജിപ്തിന്റെയും മേൽനോട്ടത്തിലാവും അഭയാർഥികളായ പലസ്തീനികളുടെ വീടുകളിലേക്കുള്ള മടക്കം.