ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങി; ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

ബെംഗളൂരു: ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ കർണാടകയിലെ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്. എം.എൽ.എയും മുൻ മന്ത്രിയുമായ മുനിരത്നക്കെതിരെയാണ് മുട്ടയേറുണ്ടായത്. അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിൽ കർണാടകയിലെ ലക്ഷ്മിദേവി നഗർ ഏരിയയിൽ നടത്തിയ പരിപാടിയിൽ പ​ങ്കെടുക്കുമ്പോഴായിരുന്നു മുട്ടയേറുണ്ടായത്.

പരിപാടിയിൽ പ​​ങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മുട്ടയേറ് ഉണ്ടായതിന് പിന്നാലെ ഇതിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി.

മുട്ടയേറ് നടന്നതിന് പിന്നാലെ എം.എൽ.എ കെ.സി ജനറൽ ആശുപത്രിയി​ലെത്തി ചികിത്സ തേടി. അർധരാത്രി വരെ അദ്ദേഹം ആശുപത്രിയിൽ തുടർന്നുവെന്നാണ് വിവരം. ശരീരത്തിൽ പരിക്കുകളൊന്നും ഇല്ലെന്ന് വ്യക്തമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് പോകാൻ അനുവദിക്കുകയായിരുന്നു. നടന്ന് കാറിലേക്ക് പോകുന്നതിനിടെ എതിർവശത്ത് നിന്ന് എം.എൽ.എക്കെതിരെ മുട്ടയേറ് ഉണ്ടാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നന്ദിനി ലേഔട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.

© 2025 Live Kerala News. All Rights Reserved.