സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി

ന്യൂ ഡൽഹി: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് സിനിമയിൽ അഭിനയിക്കാൻ ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചു. നിലവിൽ തത്വത്തിലാണ് അനുമതി നൽകിയിട്ടുള്ളത്. ഔദ്യോഗിക അനുമതി ഉടൻ നൽകും.

ഇതോടെ നീണ്ട അനിശ്ചിതത്വത്തിന് ശേഷം സുരേഷ് ഗോപിക്ക് വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്താനുള്ള വഴി തെളിഞ്ഞു. ഒരു മാസം മുൻപ് കളഞ്ഞ താടി സുരേഷ് ഗോപി വീണ്ടും വളർത്തിത്തുടങ്ങിയിട്ടുമുണ്ട്. സിനിമാ അഭിനയമാണ് വരുമാനമാർഗമെന്നും, ഒറ്റക്കൊമ്പൻ അടക്കം നിരവധി സിനിമകൾ ഏറ്റെടുത്തിട്ടുണ്ടെന്നും സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നെങ്കിലും, അനുകൂല തീരുമാനമുണ്ടായിരുന്നില്ല.

ഒറ്റക്കൊമ്പൻ എന്ന സിനിമയ്ക്കായി വളർത്തിയ വെള്ള താടിയും കറുത്ത മീശയുമായുള്ള ലുക്കിലാണ് സുരേഷ് ഗോപി മുൻപ് എല്ലായിടത്തും പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ കേന്ദ്ര സഹമന്ത്രിയായതോടെ അഭിനയം അനിശ്ചിതത്വത്തിലായിരുന്നു. ബിജെപി കേന്ദ്രനേതൃത്വം അനുമതി നൽകുമോ ഇല്ലയോ എന്ന കാര്യവും സംശയത്തിലായിരുന്നു. എന്നാൽ ആ അനിശ്ചിതത്വം ഇപ്പോൾ നീങ്ങി.

© 2025 Live Kerala News. All Rights Reserved.