ഖലിസ്ഥാൻ വാദികളുടെ ഭീഷണി; ഇന്ത്യൻ കോൺസുലേറ്റിന്റെ പരിപാടി മാറ്റിവെച്ചു

ഓട്ടവ: കാനഡയിലെ ബ്രാംപ്ടൺ ക്ഷേത്രത്തിൽ നടത്താനിരുന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ പരിപാടി ഖലിസ്ഥാൻ വാദികളുടെ ഭീഷണിയെ തുടർന്ന് മാറ്റിവെച്ചു. നവംബർ 17ന് നടത്താനിരുന്ന പരിപാടിയാണ് മാറ്റിയത്. ബ്രാംപ്ടൺ ക്ഷേത്രത്തിൽ ഹിന്ദുക്കൾക്കും സിക്കുകാർക്കും ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കുന്ന ക്യാമ്പാണ് നടത്താനിരുന്നത്. കനേഡിൻ പൊലീസിൽ നിന്നുള്ള മുന്നറിയിപ്പിനെ തുടർന്നാണ് പരിപാടി മാറ്റിയത്.

ഇത്തരം പരിപാടികൾ നടത്തുമ്പോൾ പൊലീസ് കൃത്യമായ സുരക്ഷയൊരുക്കണമെന്നാണ് ബ്രാംപ്ടൺ ത്രിവേണി മന്ദിറിലെ അധികൃതരുടെ ആവശ്യം. നേരത്തെ നവംബർ മൂന്നിന് ക്ഷേത്രത്തിൽ നടന്ന ക്യാംമ്പിലേക്ക് ഖലിസ്ഥാൻ സംഘടനയിലുള്ളവർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇതിനെറെ വിഡിയോകൾ വ്യാപകമായി പ്രചരിച്ചിരുന്നു.

അക്രമണം അം​ഗീകരിക്കാനാവില്ലെന്നും സുരക്ഷയൊരുക്കുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞിരുന്നു. എല്ലാ കനേഡിയൻ പൗരൻമാർക്കും സ്വതന്ത്രമായും സുരക്ഷിതമായും വിശ്വാസം ആചരിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ ശക്തമായി അപലപിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.