ശബരിമല ദര്‍ശനം: ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ നിര്‍ദേശിച്ച് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തിനെത്തുന്ന ഭക്തരുടെ ഇരുമുടിക്കെട്ടില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങള്‍ നിർദേശിച്ചുകൊണ്ടുള്ള ഉത്തരവിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മുന്‍ കെട്ടില്‍ ഉണക്കലരി, നെയ്ത്തേങ്ങ, ശര്‍ക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന് എന്നിവയും പിന്‍കെട്ടില്‍ ശബരിമലയില്‍ സമര്‍പ്പിച്ച് വെള്ളനിവേദ്യം വാങ്ങാനുള്ള അരി എന്നിവയുമാണ് ഉള്‍പ്പെടുത്തേണ്ടത്.

ഇരുമുടിക്കെട്ടില്‍ ചന്ദനത്തിരി, പനിനീര്‍, കര്‍പ്പൂരം എന്നിവ കൊണ്ടുവരുന്നതിന് വിലക്കുണ്ട്. തന്ത്രി നിര്‍ദേശിക്കുന്നതല്ലാത്ത വസ്തുക്കൾ കൊണ്ടുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് പാടില്ലെന്നും ദേവസ്വം ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.

നേരത്തെ മുന്‍-പിന്‍ കെട്ടുകളില്‍ ഉള്‍പ്പെടുത്തേണ്ട വസ്തുക്കള്‍ സംബന്ധിച്ച് ശബരിമല തന്ത്രി ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് കത്ത് നല്‍കിയിരുന്നു. പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ കൊണ്ടുവരുന്നതും ഉപയോഗിക്കുന്നതും വഴിയുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്. ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന പല സാധനങ്ങളും ആവശ്യമില്ലാത്തതാണെന്ന് തന്ത്രിയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.