ഓട്ടവ: കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് അതിക്രമിച്ച് കയറി ഖലിസ്ഥാൻ വാദികൾ നടത്തിയ അക്രമണത്തിൽ അപലപിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ക്ഷേത്രത്തിന് നേരെ നടന്ന ഇത്തരമൊരു അക്രമണം ഒരിക്കലും അംഗീകരിക്കാനാവില്ലെന്ന് ട്രൂഡോ പറഞ്ഞു. കാനഡയിലുള്ള എല്ലാവർക്കും അവരുടെ വിശ്വാസം ആചരിക്കാനും, സംരക്ഷിക്കാനുമുള്ള അവകാശമുണ്ടെന്നും ട്രൂഡോ പറഞ്ഞു.
സംഭവത്തിൽ കാനഡ കേന്ദ്രമന്ത്രി അനിത ആനന്ദ് നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധക്കാർ യാതൊരു മുന്നറിയിപ്പുമില്ലാതെ പരിസരത്ത് നിന്നവർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ഹിന്ദുക്കൾ ഉൾപ്പെടെ എല്ലാ മത വിഭാഗങ്ങൾക്കും ആക്രമണങ്ങളില്ലാതെ അവരുടെ മതം ആചരിക്കാൻ അവകാശമുണ്ടെന്നും നിത ആനന്ദ് എക്‌സിൽ കുറിച്ചു. അതേസമയം, സംഭവത്തിൽ കടുത്ത പ്രതിഷേധവുമായി കനേഡിയൻ എം.പി ചന്ദ്ര ആര്യയും രംഗത്തെത്തി. ഖാലിസ്ഥാൻ വിഘടനവാദികൾ ചുവപ്പുവര ലംഘിച്ചുവെന്നാണ് ആര്യ പറഞ്ഞത്.
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിന് ശേഷം വഷളായ ഇന്ത്യ-കാനഡ ബന്ധത്തിന്‍റെ പശ്ചാത്തലത്തിലാണ് ഖാലിസ്ഥാൻ വാദികളുടെ ആക്രമണം. ഇന്ത്യ ഭീകരൻ ആയി പ്രഖ്യാപിച്ച ഹർദീപ് സിങ് നിജ്ജറിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. കൂടാതെ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട കാനഡയുടെ പുതിയ റിപ്പോര്‍ട്ടിൽ കാനഡ ഇന്ത്യയെ ശത്രുരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇന്ത്യന്‍ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്നവര്‍ ചാരപ്രവര്‍ത്തനത്തിനായി കാനഡയുടെ ഔദ്യോഗിക നെറ്റ്വര്‍ക്കുകള്‍ ലക്ഷ്യമിടുകയാണെന്നാണ് റിപ്പോര്‍ട്ടിലെ ആരോപണം. ആഗോളതലത്തില്‍ പുതിയ അധികാരകേന്ദ്രങ്ങളാകാന്‍ ശ്രമിക്കുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ കാനഡയ്ക്ക് ഭീഷണിയാകുന്ന സൈബര്‍ പ്രോഗ്രാമുകള്‍ നിര്‍മിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിച്ചു.