ഗാസയില്‍ ഇസ്രയേല്‍ വ്യോമാക്രമണം; 68 പേര്‍ കൊല്ലപ്പെട്ടു

ജറുസലം: ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഗാസയില്‍ 68 കൊല്ലപ്പെട്ടു. തെക്കന്‍ ഗാസ പട്ടണമായ ഖാന്‍ യൂനിസില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹമാസിന്റെ മുതിര്‍ന്ന നേതാവ് ഇസ് അല്‍ ദിന്‍ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഗാസയിലെ മറ്റു സംഘടനകളുമായി ഏകോപിപ്പിക്കുന്നതിന്റെ ചുമതലയുണ്ടായിരുന്ന ഇസ് അല്‍ ദിന്‍ കസബ്, ഹമാസിന്റെ അവശേഷിച്ച ഉന്നത നേതാക്കളില്‍ ഒരാളാണെന്നും സൈന്യം വ്യക്തമാക്കി. ലബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും ഇസ്രയേല്‍ വ്യോമാക്രമണം നടത്തി.

അടുത്ത ചൊവ്വാഴ്ച നടക്കാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇരു മേഖലകളിലും വെടിനിര്‍ത്തല്‍ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇസ്രയേലിന്റെ നടപടി. എന്നാല്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് ഹമാസ് അനുകൂലമല്ലെന്ന് ഹമാസ് അനുകൂല വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗാസയില്‍ വര്‍ഷങ്ങളായുള്ള സംഘര്‍ഷം അവസാനിപ്പിക്കുകയും തകര്‍ന്ന പാലസ്തീന്‍ മേഖലയില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കുകയും ചെയ്യണമെന്ന വ്യവസ്ഥകള്‍ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും വാര്‍ത്താ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

© 2024 Live Kerala News. All Rights Reserved.