ഒക്ടോബറിലെ ചരക്ക് സേവന നികുതി (ജി.എസ്.ടി) വരുമാനം ആറ് മാസത്തെ ഉയർന്ന നിലവാരത്തിലെത്തി. 1.87 ലക്ഷം കോടി രൂപയാണ് ലഭിച്ചത്. ഇതോടെ തുടർച്ചയായി എട്ടാമത്തെ മാസവും ജിഎസ്ടി വരുമാനം 1.7 ലക്ഷം കോടിക്ക് മുകളിലായിരിക്കുകയാണ്. മുന്‍ വര്‍ഷം ഒക്ടോബറില്‍ ഇത് 1.72 ലക്ഷം കോടി രൂപയായിരുന്നു. 8.9 ശതമാനമാണ് വര്‍ധന. നിലവിലെ വരുമാന വർധന മുമ്പത്തെ രണ്ട് മാസത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതിയെ സൂചിപ്പിക്കുന്നാണ്.
കഴിഞ്ഞ ഏപ്രിലില്‍ 2.1 ലക്ഷം കോടി രൂപയാണ് വരുമാനമായി ലഭിച്ചത്. അതിനുശേഷം വരുമാനത്തില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു. മെയ് മാസത്തില്‍ 1.73 ലക്ഷം കോടിയും ജൂണില്‍ 1.74 ലക്ഷം കോടിയും ജൂലായില്‍ 1.82 ലക്ഷം കോടിയും ഓഗസ്റ്റില്‍ 1.75 ലക്ഷം കോടിയും സെപ്റ്റംബറില്‍ 1.73 ലക്ഷം കോടിയുമാണ് ലഭിച്ചത്.അതേസമയം, ഏറ്റവുമധികം ജി.എസ്.ടി വരുമാനമുള്ള സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്.
14 ശതമാനം വളര്‍ച്ചയോടെ 31,030 കോടി രൂപയാണ് കഴിഞ്ഞ മാസം മഹാരാഷ്ട്രയില്‍ നിന്ന് ഉണ്ടായ ജിഎസ്ടി വരുമാനം. കര്‍ണാടക (13,081 കോടി രൂപ), ഗുജറാത്ത് (11,407 കോടി രൂപ), തമിഴ്‌നാട് (11,188 കോടി രൂപ) എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. ലക്ഷദ്വീപാണ് ഏറ്റവും പിന്നില്‍. കഴിഞ്ഞ മാസം ലഭിച്ചത് ഒരു കോടി രൂപ മാത്രം. 28 കോടി രൂപ പിരിച്ചെടുത്ത ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ ദ്വീപും തൊട്ടടുത്തുണ്ട്