സെല്‍ഫി എടുത്ത് നിമിഷങ്ങള്‍ക്കുള്ളില്‍ ബാങ്ക് അക്കൗണ്ട് തുറക്കാം… നൂതന ആപ്ലിക്കേഷനുമായി ഫെഡറല്‍ ബാങ്ക്‌

കൊച്ചി: സെൽഫി എടുത്ത് ഏതൊരാൾക്കും നിമിഷങ്ങൾക്കുള്ളിൽ ബാങ്ക് അക്കൗണ്ട് തുറക്കാനുള്ള മൊബൈൽ ആപ്ളിക്കേഷൻ ഫെഡറൽ ബാങ്ക് അവതരിപ്പിച്ചു. ഫെഡറൽ ബാങ്ക് രണ്ട് വർഷം മുമ്പ് അവതരിപ്പിച്ച ഫെഡ് ബുക്ക് ആപ്ളിക്കേഷനോട് അനുബന്ധിച്ചാണ് ഈ ആപ്പ് പുറത്തിറക്കിയത്. ഫെഡ് ബുക്ക് ഡൗൺലോഡ് ചെയ്‌തശേഷം സെൽഫി എടുക്കുക. തുടർന്ന്, ആധാർ കാർഡും പാൻ കാർഡും സ്‌കാൻ ചെയ്‌ത് നൽകുക. ഓൺലൈനായുള്ള പരിശോധനയിൽ ഉപഭോക്താവ് സമർപ്പിച്ച രേഖകൾ അംഗീകരിക്കപ്പെട്ടാൽ സീറോ ബാലൻസ് ബാങ്ക് അക്കൗണ്ട് നമ്പർ ലഭിക്കും. അതോടെ, മൊബൈൽ ആപ്പ ഉപഭോക്താവിന്റെ ഡിജിറ്റൽ പാസ് ബുക്കായി മാറുകയും ചെയ്യും.

എറണാകുളം വെണ്ണലയിൽ വി –  ഗാർഡ് ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്ക് സി.ഇ.ഒയും മാനേജിംഗ് ഡയറക്‌ടറുമായ ശ്യാം ശ്രീനിവാസനും വി  – ഗാർഡ് ഇൻഡസ്‌ട്രീസ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും ചേർന്നാണ് മൊബൈൽ ആപ്പ് പുറത്തിറക്കിയത്. മനുഷ്യ ശരീരത്തിലെ 79-ാം അവയവം എന്നറിയപ്പെടുന്ന ‘മൊബൈൽ ഫോണിന്റെ”  പ്രസക്‌തിയേറിയതാണ് ആപ്പിലേക്കുള്ള വഴിയൊരരിക്കയെന്ന് ശ്യാം ശ്രീനിവാസൻ പറഞ്ഞു. ഏതൊരാൾക്കും ലളിതമായി ബാങ്ക് അക്കൗണ്ട് തുറക്കാവുന്ന ഫെഡ് ബുക്ക് മൊബൈൽ ആപ്പ് ഫെഡറൽ ബാങ്കിന്റെ ‘സ്‌മാർട്ട് വർക്കിന്” ഉദാഹരണമാണെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു.
ഇന്ത്യയിലെവിടെ നിന്നും ഏതു പ്രായക്കാർക്കും ആപ്പുവഴി അക്കൗണ്ട് തുറക്കാമെന്ന് ഫെഡറൽ ബാങ്ക് റീട്ടെയിൽ ബാങ്കിംഗ് മേധാവി കെ.എ. ബാബു പറഞ്ഞു. ഇന്ത്യയിലാദ്യമായാണ് അക്കൗണ്ട് ആരംഭിക്കാനായി ഒരു ബാങ്ക് മൊബൈൽ ആപ്പ് അവതരിപ്പിക്കുന്നത്. ആപ്പിലൂടെ തുറക്കുന്ന അക്കൗണ്ടിൽ പ്രാരംഭ തുകയായി പരമാവധി 10,000 രൂപയേ നിക്ഷേപിക്കാനാകൂ എന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ആൻഡ്രോയിഡ്, ഐ.ഒ.എസ് ഫോണുകളിൽ ആപ്പ് ലഭിക്കും. വൈകാതെ ബ്ളാക്ക്ബെറി, വിൻഡോസ് ഫോണുകൾക്കും ലഭിക്കും.
ഫെ‌ഡറൽ ബാങ്ക് ചീഫ് ജനറൽ മാനേജർ കെ.ഐ. വർഗീസ്, വി – ഗാർഡ് ഇൻഡസ്‌ട്രീസ് മാനേജിംഗ് ഡയറക്‌ടർ മിഥുൻ ചിറ്റിലപ്പിള്ളി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

© 2024 Live Kerala News. All Rights Reserved.