അമരാവതി: ദക്ഷിണേന്ത്യയില്‍ പ്രായമേറിയവരുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു. സന്താനങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദമ്പതികളോട് അദ്ദേഹം ആഹ്വാനം ചെയ്തു. രണ്ടില്‍ കൂടുതല്‍ കുഞ്ഞുങ്ങളുള്ളവര്‍ക്ക് മാത്രമേ തദ്ദേശതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യതയുണ്ടാവുകയുള്ളൂവെന്ന തരത്തില്‍ നിയമം പാസാക്കാന്‍ ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്ന പഴയ നിയമം റദ്ദാക്കി. രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് മാത്രമേ മത്സരിക്കാന്‍ യോഗ്യതയുണ്ടാവൂ എന്ന നിയമം കൊണ്ടുവരുമെന്ന് അദ്ദേഹം പറഞ്ഞു.
ആന്ധ്രയിലെ പല ജില്ലകളിലേയും ഗ്രാമങ്ങളില്‍ പ്രായമുള്ളവര്‍ മാത്രമാണുള്ളത്. യുവജനങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കോ വിദേശത്തോക്കോ കുടിയേറിയിരിക്കുന്നു. ഇന്ത്യയിലെ ശരാശരി ജനസംഖ്യാവളര്‍ച്ച 1950ല്‍ 6.2 ശതമാനായിരുന്നിടത്ത് നിന്ന് 2021ല്‍ 2.1 ശതമാനമായി ഇടിഞ്ഞു. ആന്ധ്രയിലാവട്ടെ ഇത് 1.6 ശതമാനം മാത്രമാണ്. നമ്മള്‍ ഇപ്പോള്‍ തന്നെ പ്രതിസന്ധിയിലാണ്. രണ്ടില്‍ കുറവ് കുട്ടികളില്‍ മതിയെന്ന് ദമ്പതികള്‍ തീരുമാനിക്കുന്നത് ഭാവിയില്‍ ജനസംഖ്യ വലിയതോതില്‍ കുറയുന്നതിലേക്കെത്തിക്കും. എന്നാല്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുണ്ടായാല്‍ ഈ പ്രതിസന്ധി പരിഹരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന്‍, ചൈന തുടങ്ങിയ രാജ്യങ്ങളുടെ ഉദാഹരണങ്ങളും ചന്ദ്രബാബു നായിഡു വിശദീകരിച്ചു. 2047നു ശേഷം സംസ്ഥാനത്തെ പ്രായമുള്ളവരുടെ എണ്ണം യുവജനങ്ങളുടേതിനേക്കാള്‍ വര്‍ധിക്കും. ജപ്പാനിലും ചൈനയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഇതിനോടകം ഇത്തരം സാഹചര്യങ്ങള്‍ വന്നുകഴിഞ്ഞു. കൂടുതല്‍ കുട്ടികളുണ്ടാവുക എന്നത് ഉത്തരവാദിത്തമാണ്. നിങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല അത് ചെയ്യുന്നത്, രാജ്യത്തിന് വേണ്ടിയാണ്. സമൂഹത്തിന് വേണ്ടിയുള്ള സേവനമാണ് അത് എന്നും അദ്ദേഹം പറഞ്ഞു.