വാഷിങ്ടൻ: ഇത്തവണ തോറ്റാൽ ഇനി ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ഡോണൾഡ് ട്രംപ്. ഒരു യുഎസ് മാധ്യമപ്രവർത്തകയ്ക്ക് നൽകിയ നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വരുന്ന നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡെമോക്രാറ്റ് സ്ഥാനാർഥിയായ കമല ഹാരിസ് ആണ് ട്രംപിന്റെ മുഖ്യ എതിരാളി.
2016നും 2020 നും ശേഷം ഇതു മൂന്നാം തവണയാണ് ട്രംപ് (78) റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയാകുന്നത്. 2016 ൽ ഹിലറി ക്ലിന്റനെ തോൽപിച്ച് പ്രസിഡന്റായി; 2020 ൽ ജോ ബൈഡനോട് തോറ്റു. 2028ലാകും അടുത്ത പ്രസിഡന്റ് തിരഞ്ഞെടുപ്പ്. അന്നു ട്രംപിന് 82 വയസ്സു കാണും.
ഗോൾഫ് കളിയാണ് ട്രംപിന്റെ മെയിൻ വിനോദം, അത് വെറുമൊരു വിനോദം മാത്രമല്ല,ട്രംപിന്റെ ഫിറ്റ്നസ്സ് നിലനിർത്താൻ സഹായിക്കുന്ന പ്രധാന ഘടകം കൂടിയാണ്. മാത്രമല്ല ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നതും ആരോഗ്യം നിലനിർത്താൻ തന്നെ സഹായിക്കുന്നെന്ന് ട്രംപ് പറഞ്ഞു. ‘അതു കഴിക്കരുത്, ഇതു കഴിക്കരുത് എന്നു പറഞ്ഞ് ഏതു നേരവും എന്നെ ഉപദേശിക്കുന്നവർ ഉണ്ടായിരുന്നു. അവരൊന്നും ഇപ്പോൾ ജീവിച്ചിരിപ്പില്ല’ – ട്രംപ് വിശദീകരിച്ചു. ഇരുസ്ഥാനാർഥികളും ഇപ്പോൾ തങ്ങളുടെ പ്രചാരണത്തിരക്കുകളിലാണ്.