കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊല: പൊലീസിന്റെ കൈയും കാലും ബന്ധിച്ച് അന്വേഷണം പ്രഹസനമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് പിണറായി വിജയന്‍

 

തൃശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എ.സി.ഹനീഫയുടെ മരണത്തില്‍ പൊലീസ് നടത്തുന്ന അന്വേഷണം പ്രഹസനമാണെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ആരോപിച്ചു. പൊലീസിന്റെ കൈയും കാലും ബന്ധിച്ച് അന്വേഷണം പ്രഹസനമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിഷ്പക്ഷവും സത്യസന്ധവുമായ അന്വേഷണം കേസില്‍ ആവശ്യമാണെന്നും മരിച്ച ഹനീഫയുടെ വീട് സന്ദര്‍ശിച്ചശേഷം അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കൊലപാതകത്തിന് നേതൃത്വം കൊടുത്തവര്‍ കൈയും വീശി പുറത്തുകൂടി നടക്കുകയാണ്. കൊലപാതകികളെ കോണ്‍ഗ്രസ് നേതൃത്വം സംരക്ഷിക്കുകയാണ്. നാട്ടുകരാണ് പ്രതികളെ കണ്ടെത്തി നല്‍കിയതും ആയുധങ്ങള്‍ പിടിച്ചെടുത്ത് നല്‍കിയതും. സത്യസന്ധമായ അന്വേഷണ നടത്താനുള്ള സംഘത്തെ സര്‍ക്കാര്‍ നിയോഗിക്കണം. പ്രതികളെ കണ്ടെത്താന്‍ ബാധ്യസ്തരായ സര്‍ക്കാര്‍ പ്രതികളെ പിടികൂടാതെ നാട്ടില്‍ അരാജകത്വം വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നും പിണറായി വിജയന്‍ പറഞ്ഞു.