സുരേഷ് ഗോപിയുടെ മുല്ലപെരിയാർ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്

ചെന്നൈ: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്‌നാട് കോൺഗ്രസ്. മുല്ലപ്പെരിയാർ ഡാം നിലനിൽക്കുന്നത് ഭീഷണിയാണെന്ന പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. അന്യായമായി കേരളത്തിന്റെ പക്ഷം പിടിക്കാനാണ് ശ്രമിക്കുന്നതെന്നും ടി.എൻ.സി.സി. പ്രസിഡന്റ് കെ. സെൽവപെരുന്തഗൈ ആരോപിച്ചു. സുപ്രീംകോടതിയുടെ വിധിക്ക്‌ വിരുദ്ധമായ പ്രസ്താവനയാണ് സുരേഷ് ഗോപി നടത്തിയത്. സുരേഷ് ഗോപി കേരളത്തിന്റെമാത്രം മന്ത്രിയാണോയെന്നും സെൽവപെരുന്തഗൈ ചോദിച്ചു.

മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ ആര് ഉത്തരം പറയുമെന്ന് സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു. കോടതികളോ നിയമപോരാട്ടം നടത്തുന്നവരോ ഉത്തരം പറയുമോയെന്നായിരുന്നു സുരേഷ് ഗോപിയുടെ ചോദ്യം. കേരളത്തിന് ഇനി ഒരു കണ്ണീർ താങ്ങാനാകില്ലെന്നും, മുല്ലപ്പെരിയാർ ഡാം ഭീതിയായി നിലനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഹൃദയത്തിൽ ഇടിമുഴക്കം പോലെയാണ് മുല്ലപ്പെരിയാർ നിൽക്കുന്നത്. പൊട്ടിയാൽ ആര് ഉത്തരം പറയും? കോടതികൾ ഉത്തരം പറയുമോ? കോടതികളിൽ നിന്ന് അങ്ങനെയുള്ള തീരുമാനങ്ങൾ കെെപറ്റി ആ തീരുമാനങ്ങളുമായി ഇന്നത്തെ സ്ഥിതി വിശേഷം തുടരുന്ന അവസ്ഥയിൽ കൊണ്ടുപോകുന്നവർ ഉത്തരം പറയണം. എന്താണ് ഇതിന്റെ അനന്തരഫലമെന്ന് അവർ ഉത്തരം പറയണം. നമുക്ക് ഇനി കണ്ണീരിൽ മുങ്ങിത്താഴാൻ ആവില്ല’- സുരേഷ് ഗോപി പറഞ്ഞു.

© 2025 Live Kerala News. All Rights Reserved.