മാഗി ന്യൂഡില്‍സിന് ഇന്ത്യയില്‍ വിലക്ക്

 

ന്യൂഡല്‍ഹി: മാഗി ഇന്ത്യയുടെ ഒന്‍പത് ഉല്‍പ്പന്നങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നാട്ഡായാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാതതിനാലാണ് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു.

മാഗിക്ക് നല്‍കിയ വില്‍പന അനുമതി റദ്ദാക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ പതിനഞ്ച് ദിവസത്തിനകം വിശദമാക്കാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു. മാഗി നൂഡില്‍സ് സുരക്ഷിതമാണെന്ന് തെളിഞ്ഞു എന്ന് കന്പനിയുടെ സി.ഇ.ഒ പോള്‍ ബള്‍ക്കെ പറഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ ഉത്തരവ്.
ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍, നെസ്‌ലേ പാലിച്ചിട്ടില്ല. മാഗിയുടെ ഇന്ത്യയിലെ ഉല്‍പാദനം, വിതരണം, ഇറക്കുമതി എന്നിവയും കേന്ദ്രം നിരോധിച്ചു. ശേഷിക്കുന്ന സ്റ്റോക്കുകള്‍ ഉടന്‍ തന്നെ തിരിച്ചെടുക്കാനും കന്പനിയോട് ആവശ്യപ്പെട്ടു.

മാഗിയില്‍ ഉപയോഗിക്കുന്ന സോഡിയം ഗ്ലൂട്ടാമേറ്റ് സംബന്ധിച്ച വിവരങ്ങള്‍ കന്പനി ഉപഭോക്താക്കളില്‍ നിന്ന് മറച്ചുവച്ചു. ഇത് ലേബലിംഗ് നിയമങ്ങളുടെ ലംഘനമാണ്. ഇതേക്കുറിച്ച് മൂന്ന് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനും കന്പനിയോട് ആവശ്യപ്പെട്ടു.

മാഗിയുടെ പായ്ക്കറ്റില്‍ മോണോ സോഡിയം ഗ്ലൂട്ടാമേറ്റ് ഇല്ല എന്ന സന്ദേശമാണ് കന്പനി നല്‍കിയിരുന്നത്. എന്നാല്‍, മാഗിയുടെ ചേരുവകളില്‍ സോഡിയം ഗ്ലൂട്ടാമേറ്റിന്റെ അംശം ഉണ്ടാവാം എന്ന് നെസ്‌ലെ സി.ഇ.ഒ പോള്‍ ബള്‍ക്കെ രാവിലെ വ്യക്തമാക്കിയിരുന്നു. സോഡിയം ഗ്ലൂട്ടാമേറ്റ് ഇല്ല സന്ദേശം കവറില്‍ നിന്ന് നീക്കം ചെയ്യുമെന്നും ബള്‍ക്കെ പറഞ്ഞിരുന്നു.

© 2024 Live Kerala News. All Rights Reserved.