കൽപ്പറ്റ: ദുരന്തത്തിനിരയായവരെ പുനരധിവസിപ്പിക്കുന്നതിന് സമീപ പഞ്ചായത്തുകള്‍ക്കാണ് ആദ്യ പരിഗണന നല്‍കുകയെന്ന് മന്ത്രിസഭാ ഉപസമിതി അറിയിച്ചു. വയനാട് ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധികളില്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍, സര്‍ക്കാര്‍ ക്വാട്ടേഴ്സുകള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ഹോസ്റ്റലുകള്‍ കണ്ടെത്തി ആളുകളെ താത്ക്കാലികമായി പുനരധിവസിപ്പിക്കാന്‍ സംവിധാനമുണ്ടാക്കും.
മറ്റ് ത്രിതല പഞ്ചായത്തുകളിലും ഇത്തരത്തില്‍ വിവരശേഖരണം നടത്തി കരുതല്‍ സ്ഥലം കണ്ടെത്തും. ക്യാമ്പുകളില്‍ താമസിക്കുന്നവരെ ഘട്ടംഘട്ടമായി സുരക്ഷിതമായി മാറ്റിപ്പാര്‍പ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മന്ത്രിമാര്‍ അറിയിച്ചു. സൗജന്യമായി വീട് വിട്ടു തരാന്‍ സന്നദ്ധരായ സ്വകാര്യ വ്യക്തികള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന അധികൃതരെ വിവരം അറിയിക്കണം. കല്‍പ്പറ്റ, ബത്തേരി നഗരസഭകള്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത്, അമ്പലവയല്‍, വൈത്തിരി, മുട്ടില്‍, പടിഞ്ഞാറത്തറ, മൂപ്പൈനാട്, കോട്ടത്തറ, പനമരം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഒഴിഞ്ഞ് കിടക്കുന്നതും ഉപയോഗ പ്രദമായതുമായ സര്‍ക്കാര്‍ ക്വാർ ട്ടേഴ്സുകളുടെയും ഹോസ്റ്റലുകളുടെയും ലഭ്യത സംബന്ധിച്ച് അധ്യക്ഷന്മാര്‍ യോഗത്തില്‍ അറിയിച്ചു.
കളക്ടറേറ്റ് എ.പി.ജെ ഹാളില്‍ നടന്ന യോഗത്തില്‍ മന്ത്രിസഭാ ഉപസമിതി അംഗങ്ങളായ കെ രാജന്‍, എ.കെ ശശീന്ദ്രന്‍, പി.എ മുഹമ്മദ് റിയാസ്, ഒ.ആര്‍ കേളു, ടി. സിദ്ദീഖ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ, സ്പെഷ്യല്‍ ഓഫീസര്‍മാരായ സീറാം സാംബശിവ റാവു, എ. കൗശികന്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടര്‍ നാരായണന്‍, ത്രിതല പഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.