ബംഗ്ലാദേശ് കലാപം; ഇന്ത്യൻ ഹൈകമ്മീഷനിൽ നിന്നുള്ള 190 ജീവനക്കാരേയും കുടുംബത്തേയും നാട്ടിലെത്തിച്ചു

ന്യൂഡല്‍ഹി: ബംഗ്ലാദേശിലെ അക്രമാസക്തമായ ഭരണവിരുദ്ധപ്രക്ഷോഭത്തിനിടെ ധാക്കയിലെ ഇന്ത്യൻ ഹൈകമ്മീഷനിൽ നിന്നുള്ള 190 ജീവനക്കാരേയും അവരുടെ കുടുംബത്തേയും എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിച്ചു. ഹൈകമ്മീഷന്റെ പ്രവർത്തനത്തിന് അത്യാവശ്യമല്ലാത്ത ഉദ്യോ​ഗസ്ഥരേയും കുടുംബാം​ഗങ്ങളേയുമാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചത്.

ബാക്കിയുള്ള നയതന്ത്ര വിദ​ഗ്ധർ ബം​ഗ്ലാദേശിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹൈക്കമ്മീഷനിലെ മുപ്പതോളം മുതിര്‍ന്ന ഉദ്യോ​ഗസ്ഥരാണ് നിലവില്‍ അവിടെ തുടരുന്നത്. ധാക്കയ്ക്കു പുറമെ, ചിത്തഗോങിലും രാജ്ഷാഹിയിലും ഖുല്‍നയിലും സില്ലെറ്റിലും ഇന്ത്യയ്ക്ക് അസിസ്റ്റന്റ് ഹൈക്കമ്മീഷനുകളോ കോണ്‍സുലേറ്റുകളോ പ്രവർത്തിക്കുന്നുണ്ട്.

ഏകദേശം 10,000 ഇന്ത്യക്കാരാർ നിലവില്‍ ബംഗ്ലാദേശില്‍ താമസിക്കുന്നുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ പാർലമെന്റിൽ അറിയിച്ചിരുന്നു. അവരുമായി സര്‍ക്കാര്‍ തുടര്‍ച്ചയായി ബന്ധപ്പെടുന്നുണ്ട്. അവിടെനിന്നും ഇന്ത്യക്കാരെ പെട്ടെന്നു തന്നെ ഒഴിപ്പിക്കേണ്ട സാഹചര്യമില്ല. വീടുകള്‍ അടക്കമുള്ളവയ്ക്ക് നേരെയുള്ള വ്യാപകമായ ആക്രമണത്തെക്കുറിച്ച് താത്കാലിക സർക്കാരുമായി സംസാരിക്കുമെന്നും കൂട്ടിച്ചേർത്തു.

© 2024 Live Kerala News. All Rights Reserved.