അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷം; വെടിവയ്പ്പില്‍ ഒരു സ്ത്രീ മരിച്ചു, മരണസംഖ്യ ആറായി

 

ജമ്മു: ജമ്മു കശ്മീരിലെ ബാലകോട്ടില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ ഒരു സ്ത്രീ മരിച്ചു. ഇതോടെ പാക്ക് ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. ഇന്നലെ അതിര്‍ത്തിയിലെ പൂഞ്ച് ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ വെടിവയ്പ്പില്‍ അഞ്ചു പേര്‍ മരിച്ചിരുന്നു. 23 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പാക്കിസ്ഥാന്‍ വെടിവയ്പ് ശക്തമാക്കിയതോടെ അതിര്‍ത്തിയിലെ മുപ്പത് ഗ്രാമങ്ങളില്‍ താമസിക്കുന്നവരെ ഒഴിപ്പിക്കുന്നതിനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സൈന്യം. പാക്കിസ്ഥാനെതിരെ കരസേന ശക്തമായി തിരച്ചടിക്കുകയാണ്.

പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നതിനു പിന്നാലെയാണ് ഇന്നലെ വെടിവയ്പ് ആരംഭിച്ചത്. മെന്താര്‍, സൗജിയാന്‍, മന്തി സെക്ടറുകള്‍ക്കു നേരെ ഇന്നലെ രാവിലെ മുതല്‍ തന്നെ പാക്കിസ്ഥാന്‍ വെടിവയ്പ് ആരംഭിച്ചിരുന്നു. ഇന്ത്യന്‍ സൈന്യവും ഇവര്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചു. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് വെടിവയ്പ് ആരംഭിച്ചത്. സൈന്യം തിരിച്ചടിച്ചതിനെ തുടര്‍ന്ന് കുറേ നേരത്തേയ്ക്ക് നിര്‍ത്തിവച്ച വെടിവയ്പ് 7.30 ഓടെ വീണ്ടും ആരംഭിക്കുകയായിരുന്നു.

പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വതന്ത്ര്യദിനാശംസകള്‍ നേര്‍ന്നതിന് പിന്നാലെയായിരുന്നു അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കാനുള്ള പാക്ക് സൈന്യത്തിന്റെ ശ്രമം. സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്ത്യന്‍ ജനതയ്ക്കും സര്‍ക്കാരിനും ഹൃദയം നിറഞ്ഞ ആശംസകള്‍ നേര്‍ന്ന പാക്ക് പ്രധാനമന്ത്രി, ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതല്‍ പ്രോല്‍സാഹിപ്പിക്കണമെന്നും അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല, ഇരുരാജ്യങ്ങളിലും സമാധാനം നിലനില്‍ക്കുന്നതിനും തെക്കന്‍ ഏഷ്യയുടെ അഭിവൃദ്ധിക്കും അത് അത്യാവശ്യമാണെന്നും അദേഹം സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

© 2024 Live Kerala News. All Rights Reserved.