‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കളുടെ അക്കൗണ്ടുകൾ മരവിപ്പിക്കാനൊരുങ്ങി ഇ ഡി

കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയു‍ടെ നിർമാതാക്കളുടെയും വിതരണക്കാരന്റെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നിയമോപദേശം തേടി. സിനിമയുടെ ടിക്കറ്റ് കലക്‌ഷൻ വരുമാനം പെരുപ്പിച്ചു കാട്ടി കള്ളപ്പണം വെളുപ്പിച്ച കേസിലാണ് ഇ ഡി നടപടിക്കൊരുങ്ങുന്നത്.

കഴിഞ്ഞ അഞ്ചുവർഷത്തിനിടയിൽ കേരളത്തിൽ പ്രദർശന വിജയം നേടിയ മുഴുവൻ സിനിമകളുടെയും സാമ്പത്തിക വിവരങ്ങൾ ശേഖരിക്കാൻ ഇ.ഡി ഒരുങ്ങുന്നുണ്ട്. സിനിമകളുടെ നിർമാണച്ചെലവു സംബന്ധിച്ച വിവരങ്ങളും ശേഖരിക്കാനാണു നീക്കം. ‘മഞ്ഞുമ്മൽ ബോയ്സ്’ സിനിമയുടെ ലാഭവിഹിതം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണു കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള (പിഎംഎൽഎ) ഇ.ഡിയുടെ കേസിന് അവസരം ഒരുക്കിയത്.

കേരളത്തിലെ തിയറ്റർ മേഖലയിൽ കള്ളപ്പണ ലോബി നടത്തുന്ന തട്ടിപ്പുകൾ സംബന്ധിച്ച വിവരങ്ങൾ രണ്ടു സിനിമാ നിർമാതാക്കൾ ഇ.ഡിക്കു കൈമാറിയ സാഹചര്യത്തിൽ ഇതു സംബന്ധിച്ചു കൂടുതൽ പരിശോധന നടത്തുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.