സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നല്‍കി തായ്‌ലന്‍ഡ്

ബാങ്കോക്ക്: സ്വവര്‍ഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നല്‍കി തായ്‍ലന്റ്. ഇതോടെ സ്വവര്‍ഗ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ആദ്യ രാജ്യമായും ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായും തായ്‍ലന്റ് മാറി. തായ്‌ലാന്റിനെ കൂടാതെ തായ്‍വാനും നേപ്പാളും ഏഷ്യയില്‍ നിന്നും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളാണ്.

ഇന്നലെയായിരുന്നു വിവാഹ സമത്വ ബില്‍ തായ്‍ലന്റ് സെനറ്റ് പുറത്തിറക്കിയത്. പാര്‍ലമെന്റിലെ 152 അംഗങ്ങളില്‍ 130 പേരും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. ബില്ലിനെതിരായ നാല് വോട്ടുകളും നിഷ്പക്ഷമായ 18 വോട്ടുകളുമാണ് ലഭിച്ചത് എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബില്ലില്‍ തായ്‍ലന്റ് രാജാവ് മഹാ വാജിറാലോങ്ക്റോണിന്റെ ഒപ്പ് ലഭിച്ചതിന് ശേഷം ഗസറ്റില്‍ പബ്ലിഷ് ചെയ്യും. പിന്നീട് തായ്‍ലന്റ് നിയമപ്രകാരം 120 ദിവസങ്ങള്‍ക്കുള്ളില്‍ ബില്‍ നിലവില്‍ വരുന്നതാണ്.

ഈ ബില്‍ പ്രകാരം ഒരേ ലിംഗത്തില്‍പെട്ടയാളെ വിവാഹം കഴിച്ചവര്‍ക്ക് സാമ്പത്തികം, ആരോഗ്യം തുടങ്ങിയ എല്ലാവിധ നിയമ പരിരക്ഷയും ലഭിക്കുന്നതാണ്. അതോടൊപ്പം തായ്‍ലന്റിന്റെ സിവില്‍ കോഡില്‍ നിന്ന് ഭാര്യയും ഭര്‍ത്താവും എന്ന പദങ്ങള്‍ മാറ്റുകയും പകരം വ്യക്തികള്‍ അല്ലെങ്കില്‍ പാര്‍ട്ണര്‍ എന്ന പദം ചേര്‍ക്കുകയും ചെയ്തു.

ഏപ്രിലില്‍ തന്നെ ജനപ്രതിനിധി സഭ ബില്ലിന് അംഗീകാരം നല്‍കിയിരുന്നു. കാലങ്ങളായി എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങള്‍ നേരിട്ട വിവേചനകള്‍ക്ക് പരിഹാരമാണ് വിവാഹ സമത്വ ബില്‍.

‘ഈ ചരിത്ര നിമിഷത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും ഞാന്‍ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. വലിയൊരു കാര്യത്തിനാണ് നമ്മള്‍ തുടക്കം കുറിച്ചിരിക്കുന്നത്. കാലങ്ങളായി വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി നമ്മള്‍ പ്രവര്‍ത്തിച്ചിരുന്നു ,’ എല്‍.ജി.ബി.ടി.ക്യു പ്രവര്‍ത്തകനും വിവാഹ സമത്വ നിയമം സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കിയ കമ്മിറ്റിയിലെ അംഗവുമായ പ്ലൈഫാ ക്യോക്ക ഷോഡലാദ് പറഞ്ഞു.

‘ഇന്ന് പ്രണയം ജയിച്ചു. ഞങ്ങള്‍ 20 വര്‍ഷങ്ങളായി പോരാടി. അതിന് ഫലം കണ്ടു,’ ബില്‍ വന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് എല്‍.ജി.ബി.ടി.ക്യു പ്രവര്‍ത്തകരില്‍ ഒരാള്‍ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.