എ.ജി സര്‍ക്കാരിനെതിരെ കോടതിയില്‍ ഹാജരായത് ശരിയായില്ല: ചെന്നിത്തല

 

കൊല്ലം: സംസ്ഥാനസര്‍ക്കാറിന്റെ മദ്യനയം ചോദ്യംചെയ്തുള്ള കേസില്‍ ബാറുടമയ്ക്കുവേണ്ടി സുപ്രീംകോടതിയില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ഹാജരായത് ശരിയായില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അദ്ദേഹം ഔചിത്യം പാലിക്കണമായിരുന്നു.

അതില്‍ നിന്ന് എ.ജി സ്വയം പിന്‍മാറണം. സംസ്ഥാനത്തിന്റെ താല്‍പര്യത്തിനെതിരെ എ ജി നിലപാട് സ്വീകരിക്കരുത്. നടപടി ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.

കേന്ദ്രസര്‍ക്കാറിന്റെ ഏറ്റവും മുതിര്‍ന്ന നിയമോദ്യോഗസ്ഥന്‍ ഒരു സംസ്ഥാനസര്‍ക്കാറിനെതിരായി ഹാജരായെന്ന പ്രത്യേകതയും കേസിനുണ്ട്. അറ്റോര്‍ണി ജനറലിന്റെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മയും ബി.ജെ.പി. നേതാവ് സുബ്രഹ്മണ്യം സ്വാമിയും രംഗത്തുവന്നിരുന്നു.

അതേസമയം, ബാറുടമയ്ക്കുവേണ്ടി ഹാജരാകുന്നതിന് മുന്‍കൂര്‍ അനുമതി സര്‍ക്കാറില്‍നിന്ന് തേടിയിരുന്നുവെന്ന് ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, ആര്‍.കെ. അഗര്‍വാള്‍ എന്നിവരെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി അറിയിച്ചു. ബാറുടമയ്ക്കുവേണ്ടി താന്‍ നേരത്തേ ഹാജരായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.