കുറെ നാളായി ഞാൻ വളരെ ആവേശത്തിൽ ആയിരുന്നു, ആവേശം എന്ന സിനിമ കാണുവാൻ, ഇന്ന് സിനിമ കാണാൻ ഇരുന്നതും വളരെ ആവേശത്തിൽ…. പക്ഷെ സിനിമ കണ്ടു തുടങ്ങിയപ്പോൾ എന്റെ ആവേശം ഒക്കെ പോയി…. സത്യത്തിൽ ഇത് എങ്ങനെ ഹിറ്റായി എന്നതാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. സത്യം പറഞ്ഞാൽ എന്താണ് ഈ സിനിമ സമൂഹത്തിന് നൽകിയ ഒരു സന്ദേശം? ബാഗ്ലൂർ പഠിക്കാൻ പോകുന്നവർ എല്ലാം രണ്ടെണ്ണം അടിച്ചാൽ മാത്രമേ ഒരു സുഖമുള്ളൂ എന്നാണോ? അത് അടിക്കുവാൻ വേണ്ടി കോളേജ് ഹോസ്റ്റലിൽ നിൽക്കാതെ പുറമെ ഉള്ള ഹോസ്റ്റലിൽ നിൽക്കണം എന്നോ? അതോ മദ്യപാനം ആരോഗ്യത്തിന് ഒരു പ്രശ്നവും ഇല്ല എന്നാണോ? ഞാൻ എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു ഉത്തരം കിട്ടിയില്ല…. ആവശ്യമില്ലാത്ത കുറെ ഊള കോമഡിയും, ഇതിനേക്കാൾ എത്രയോ നല്ലത് ആണ് ഒരു ചിരി ഇരു ചിരി ബമ്പർ ചിരി എന്ന പ്രോഗ്രാമിലെ കോമഡികൾ,….. പിന്നെ അവസാനത്തെ നായകൻറെ അടി, അമ്പോ പറയുകയും വേണ്ട, ഇങ്ങനെ ഉള്ള അടികൾ കൂടുതൽ കണ്ടത് തെലുങ്കിലും തമിഴിലും ഒക്കെ ആയിരുന്നു, ഇപ്പോൾ അത് ഇവിടെയും വന്നു, ഇനി എത്രപേർ ഇതുപോലെ ഉള്ള ആയുധങ്ങൾ ഒക്കെ ഉണ്ടാക്കും എന്ന് കണ്ടറിയേണ്ടി വരും. ഇന്നലെ ഏതോ ഒരു വാർത്ത കണ്ടു, കൊലപാതകം നടത്തുവാൻ ഇന്റർനെറ്റിൽ തിരഞ്ഞതും, അതിൽ നിന്ന് രക്ഷപ്പെടുവാൻ വേണ്ടി ഏതൊക്കെയോ ക്രൈം സിനിമകൾ കണ്ടു എന്നതുമൊക്കെ, ഇനി ആവേശം കണ്ടിട്ട് രംഗൻ ആവാൻ വേണ്ടി എത്രപേർ മത്സരിക്കുമോ എന്തോ….ഒരു കാലത്ത് മലയാള സിനിമ കണ്ടാൽ അറിയാതെ ആണെങ്കിലും ചിലപ്പോൾ കണ്ണ് നിറഞ്ഞു പോകും, പ്രത്യേകിച്ച് ആകാശദൂത് പോലെ ഉള്ള സിനിമകൾ, പക്ഷെ ഇപ്പോൾ ഉള്ള സിനിമ കണ്ടാലും കണ്ണിൽ നിന്ന് വെള്ളം വരും, ക്യാഷ് വെറുതെ പോയല്ലോ എന്നോർത്ത് , അത്ര മാത്രം ആഭാസം. ഫഹദ് ഫാസിൽ എന്ന നടൻ ഒരു സംഭവം തന്നെയാണ് , കാരണം കയ്യെത്തും ദൂരത്ത് എന്ന സിനിമയിലെ ഫഹദില് നിന്ന് ഒളിച്ചോടി പിന്നെ വർഷങ്ങൾക്ക് ശേഷം നമ്മളെ എല്ലാം ഞെട്ടിച്ച പെർഫോമൻസ് നടത്തിയ നടൻ ആണ്, പക്ഷെ ഇത്തരത്തിൽ ഉള്ള സിനിമകൾ ചെയ്യുമ്പോൾ കുറച്ചു കൂടി ഒന്ന് സെലക്ടീവ് ആവാം….ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന പല കൊലപാതകങ്ങളും ഒരു പരിധി വരെ സിനിമകൾ സ്വാധീനം ചെലുത്തുന്നുണ്ട്, അതുപോലെ തന്നെ ലഹരി ഉപയോഗത്തിനും ,ലഹരി വസ്തുക്കൾ ഇന്ന് ഉപയോഗിച്ചില്ല എങ്കിൽ അവർ എന്തോ വലിയ തെറ്റ് ചെയ്യുന്ന ഫീലിൽ ആണ് ജനങ്ങൾ നോക്കി കാണുന്നത്, അതുകൊണ്ട് ആവും ഇന്ന് ആൺ പെൺ വ്യത്യാസം ഇല്ലാതെ എല്ലാവരും ലഹരിക്ക് അടിമകൾ ആവുന്നത്. ആവേശം പോലുള്ള സിനിമകൾ നാടിന് ആപത്ത് ആണ്, നല്ല നല്ല സിനിമകൾ വരുമ്പോൾ ഇത്തരം ഒരു ആവേശവും ഇല്ലാത്ത സിനിമകൾ കാരണം അതെല്ലാം ആരും ശ്രദ്ധിക്കാതെ പോകുന്നു. ഇനി എങ്കിലും നല്ല സിനിമകൾക്ക് മാത്രം റിവ്യൂ നൽകുക, അല്ലാതെ ഇത്തരം ലഹരിയും അടിയും കൊലപാതകവും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് ആവരുത് നല്ല റിവ്യൂ നൽകുന്നത്. ഗുരുനാഥനെ കൊല്ലരുത് എന്ന് പറയുന്ന നായകൻ തന്നെ അവസാനം ഗുരുവിനെ കൊല്ലുന്നു , അപ്പോൾ പിന്നെ മക്കൾ അച്ഛനെയും അമ്മയെയും കൊല്ലുന്നതിൽ ഒന്നും വല്യ കാര്യമില്ല, എന്റെ നാട്ടിൽ ഒരാഴ്ച ആവുന്നതേ ഉള്ളൂ ലഹരി കാരണം മകൻ അച്ഛനെ മർദ്ദിച്ച് കൊന്നിട്ട്….ഇനി എന്തൊക്കെ കാണണം…..എടാ മോനെ, വലിയ ആവേശത്തിൽ പോയി കണ്ട സിനിമ അവസാനം എന്റെ ആവേശം മുഴുവനും കെടുത്തി, ഇനി ഇതിനടിയിൽ കമന്റ് ഇടാൻ നിങ്ങളൊക്കെ ആവേശം കാണിക്കുമോ എന്തോ……ജിതിൻ ഉണ്ണികുളം