ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഔചിത്യം പാലിക്കണം;ബാറുടമകള്‍ക്കു വേണ്ടി ഹാജരാകുന്നതില്‍നിന്ന് എജി സ്വയം പിന്മാറണമെന്ന്: ചെന്നിത്തല

 

തിരുവനന്തപുരം: ബാര്‍ കേസില്‍ അറ്റോര്‍ണി ജനറല്‍ ഔചിത്യം പാലിക്കണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബാറുടമകള്‍ക്കുവേണ്ടി ഹാജരാകുന്നതില്‍ നിന്ന് സ്വയം പിന്മാറുകയാണ് വേണ്ടത്. എജി സംസ്ഥാനത്തിന്റെ താല്‍പര്യത്തിനെതിരെ നിലപാട് എടുക്കുന്നത് ശരിയല്ല. നടപടി ഫെഡറല്‍ സംവിധാനത്തിനു നിരക്കുന്നതല്ലെന്നും ചെന്നിത്തല പറഞ്ഞു.

ബാര്‍ക്കേസില്‍ ബാറുടമകള്‍ക്കു വേണ്ടി അറ്റോര്‍ണി ജനറലിന് ഹാജരാകാമെന്ന് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഹാജരാകുന്നതില്‍ നിന്ന് എജിയെ വിലക്കാനാകില്ല. അദ്ദേഹത്തെ നിയമിച്ചത് സുപ്രീംകോടതിയല്ല, കേന്ദ്രസര്‍ക്കാരാണ്. ചട്ടലംഘനമുണ്ടെങ്കില്‍ നടപടിയെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും കോടതി വിലയിരുത്തിയിരുന്നു.