തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ വിഷംകഴിച്ച് ആത്മഹത്യ ചെയ്തു

 

ശ്ശൂര്‍: ചോറില്‍ ബ്ലേഡിട്ട് ആനയെ അപായപ്പെടുത്താനുള്ള ശ്രമത്തെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പാപ്പാന്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ആനയുടെ ഒന്നാം പാപ്പാനായ ഇടുക്കി രാജാക്കാട് പാലത്തുവീട്ടില്‍ ഷിബുവിനെ (40) ഗുരുതരാവസ്ഥയില്‍ ഇന്നലെയാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നുരാവിലെ 7.45 ന് മരണം സംഭവിച്ചു.

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനു നല്‍കാനായി തയ്യാറാക്കിയ ചോറില്‍ ബ്ലേഡ്കഷണങ്ങള്‍ കണ്ടെത്തിയത് ഷിബുവായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഷിബുവുള്‍പ്പെടെയുള്ളവരില്‍നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. എന്നാല്‍, ഇതുവരെയുള്ള അന്വേഷണത്തില്‍ ബ്ലേഡിട്ടത് ആരാണെന്ന കാര്യം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.

വെള്ളിയാഴ്ച ഉച്ചയോടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് തെച്ചിക്കോട്ടുകാവില്‍ എത്തിയപ്പോഴായിരുന്നു പാപ്പാന്‍ വിഷം കഴിച്ചത്. ക്ഷേത്രത്തിനടുത്തുള്ള മുറിയില്‍താമസിക്കുന്ന ഷിബു വിഷം കഴിച്ചുകൊണ്ട് വരികയായിരുന്നു. താന്‍ നിരപരാധിയാണ് എന്നു പറഞ്ഞുകൊണ്ട് വന്ന ഇയാള്‍ നേരെ ആനയുടെ മുന്നില്‍ വന്നുനിന്നു. പിറകെവന്ന തൊട്ടടുത്ത കടക്കാരനാണ് ഷിബു വിഷം കഴിച്ച കാര്യം പറയുന്നത്.

പക്ഷേ, ആനയുടെ തൊട്ടടുത്താണ് ഇയാള്‍ നിന്നിരുന്നതെന്നതിനാല്‍ ആര്‍ക്കും അടുക്കാന്‍ സാധിച്ചില്ല. നിരപരാധിയാണെന്ന കാര്യം ആനയ്ക്കു മുന്നില്‍വച്ചും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒടുവില്‍ ഛര്‍ദ്ദിക്കാനായി സ്ഥലം മാറിയപ്പോള്‍ ഷിബുവിനെ പിടിച്ചുമാറ്റി. തുടര്‍ന്ന് പോലീസ് ജീപ്പില്‍ ആസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ആഗസ്ത് 7നാണ് ആനയ്ക്കു നല്‍കാനുള്ള ചോറില്‍ ബ്ലേഡുകഷണങ്ങള്‍ കണ്ടത്. സുഖചികിത്സയുടെ ഭാഗമായി നല്‍കാന്‍വച്ച ചോറില്‍ ഒരു മുഴുവന്‍ ബ്ലേഡും നാലുകഷണങ്ങളാക്കിയ മറ്റൊരു ബ്ലേഡുമാണ് കണ്ടെത്തിയത്.