വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുമെന്ന് സൈനികര്‍ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്;എല്ലായിടത്തും വൈദ്യുതി എത്തിക്കും: നരേന്ദ്ര മോദി

 കേരളത്തിലെ വിവിധജില്ലകളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

തിരുവനന്തപുരം: രാഷ്ട്രത്തിന്റെ 69മത് സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ കേരളത്തിലെ വിവിധ ജില്ലകളില്‍ ആഘോഷിച്ചു.

ഗവര്‍ണ്ണറും മുഖ്യമന്ത്രിയും മന്ത്രിമാരും മറ്റ് എംഎല്‍എമാരും സാംസ്‌കാരിക നായകന്മാരുമുള്‍പ്പടെയുള്ള പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു. വിവിധജില്ലകളുടെ ആസ്ഥാനത്ത് മന്ത്രിമാര്‍ ചടങ്ങുകളില്‍ മുഖ്യാതിഥിയായി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ ദേശീയപതാക ഉയര്‍ത്തി. തുടര്‍ന്ന് യൂണിഫോമിലുള്ള എല്ലാ ഓഫീസര്‍മാരും ദേശീയപതാകയെ സല്യൂട്ട് ചെയ്തു.

ദിനാഘോഷം വീക്ഷിക്കുന്നതിന് പൊതുജനങ്ങള്‍ക്കും സൗകര്യം ഒരുക്കിയിരുന്നു. സര്‍ക്കാര്‍സ്ഥാപനങ്ങളും വീടുകളും വ്യാപാരസ്ഥാപനങ്ങളും കൊടിതോരണങ്ങളാല്‍ അലങ്കരിക്കുകയും ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.


 

ന്യൂഡല്‍ഹി: വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുമെന്ന് സൈനികര്‍ക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്റെ പ്രശ്‌നം എല്ലാ സര്‍ക്കാരുകള്‍ക്കും മുന്‍പില്‍ വരുന്നതാണ്. ചിലര്‍ വാക്കുകളും നല്‍കിയിട്ടുണ്ട്. എന്നാല്‍ പ്രശ്‌നത്തിന് ഇതുവരെ അവസാനമായിട്ടില്ല. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം നല്‍കി. പെന്‍ഷന്‍ നടപ്പാക്കുന്നിതിനാവശ്യമായ ചില വിഷയങ്ങളിലിപ്പോഴും ചര്‍ച്ചകള്‍ നടന്നുവരികയാണ്. അവയുടെ രീതി വച്ചുനോക്കിയാല്‍ പ്രതീക്ഷകള്‍ക്കു വകയുണ്ടെന്നും മോദി പറഞ്ഞു. കൂടുതല്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ കൊണ്ടുവരുന്നതിന്റെ സാധ്യതകളെപ്പറ്റിയാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. സ്റ്റാര്‍ട്ട് അപ് ഇന്ത്യ & സ്റ്റാന്‍ഡ് അപ് ഇന്ത്യ എന്നതാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു.

ദരിദ്രരെ സഹായിക്കുന്നതിനായി 20 ലക്ഷം ജനങ്ങളാണ് അവരുടെ പാചകവാതക സബ്‌സിഡി വേണ്ടെന്നു വച്ചത്. ഇന്ത്യയെ അഴിമതി രഹിതമാക്കുന്നതിന് നിരവധിക്കാര്യങ്ങള്‍ ആവശ്യമാണ്. കള്ളപ്പണ നിയമത്തെ ചിലരൊക്കെ ഭയക്കുന്നുണ്ട്. എന്നാല്‍ കള്ളപ്പണം കൈയ്യിലുള്ള ആര്‍ക്കും ഒരു പേടിയുടെയും ആവശ്യമില്ല. കള്ളപ്പണം തിരിച്ചെത്തിക്കുന്നതിന് ആരും ഭയപ്പെടേണ്ട കാര്യമില്ല. കാര്‍ഷിക ഉല്പാദനം വര്‍ധിപ്പിക്കണം. അതിനുവേണ്ടിയാണ് ഇനി പ്രവര്‍ത്തിക്കേണ്ടത്. ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങള്‍ മാത്രം വികസിച്ചാല്‍ ഇന്ത്യയുടെ വികസനം പൂര്‍ത്തിയാകില്ല. സൈനികരെപ്പോലെ തന്നെ പ്രധാനപ്പെട്ടവരാണ് കര്‍ഷകരും. സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും നിരവധി ഗ്രാമങ്ങളില്‍ ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ല. കാര്‍ഷിക മന്ത്രാലയം ഇനി മുതല്‍ കാര്‍ഷിക, കര്‍ഷക ക്ഷേമ മന്ത്രാലയമെന്നായിരിക്കും അറിയപ്പെടുക. വൈദ്യുതി ഇല്ലാത്ത എല്ലാ ഗ്രാമങ്ങളിലും ഞങ്ങള്‍ വൈദ്യുതി എത്തിക്കും.

രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ഒന്നിനും സ്ഥാനമില്ല. ഇന്ത്യയുടെ ഓരോ മൂലയിലും ലാളിത്യവും കൂട്ടായ്മയും കാണാന്‍ സാധിക്കും ഇന്ത്യയുടെ ശക്തി അതാണ്. ഈ കൂട്ടായ്മ നഷ്ടമാകുമ്പോള്‍ ജനങ്ങളുടെ സ്വപ്നവും തകരും. ജാതീയതയ്ക്കും വര്‍ഗീയതയ്ക്കും ഇവിടെ സ്ഥാനമില്ല. 125 കോടി ജനങ്ങളും ഒരു ശക്തിയായി പ്രവര്‍ത്തിച്ചാല്‍ രാജ്യത്തെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ സാധിക്കുമെന്നും മോദി പറഞ്ഞു.

സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പാവങ്ങളെ സഹായിക്കാനുതകുന്ന തരത്തിലുള്ളതാണ്. വിശ്വാസത്തിന്റെ ഒരു പുതിയ സാഹചര്യമാണ് ഇപ്പോഴുള്ളത്. ബാങ്കിന്റെ വാതിലുകള്‍ ഒരിക്കലും ദരിദ്രര്‍ക്കായി തുറന്നിരുന്നില്ല, അതിന് ഒരു അവസാനം വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പാവങ്ങളുടെ സാമ്പത്തികനില ഏകീകരിക്കുന്നതിന് ബാങ്ക് അക്കൗണ്ടുകള്‍ അത്യാവശ്യമാണ്. ജന്‍ധന്‍ യോജനയിലൂടെയുള്ള ബാങ്ക് അക്കൗണ്ടുകള്‍ വഴി 17 കോടി ബാങ്ക് അക്കൗണ്ടുകളാണ് തുറന്നത്. ഇതുവഴി 20,000 കോടി രൂപയുടെ നിക്ഷേപമുണ്ടായിട്ടുണ്ട്.

സാമൂഹിക സുരക്ഷയ്ക്കാണ് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ഇവിടെ ഞാന്‍ സംവദിച്ചത് ശൗചാലയങ്ങളെക്കുറിച്ചും വൃത്തിയെക്കുറിച്ചുമായിരുന്നു. ഇത് എന്തൊരു പ്രധാനമന്ത്രിയാണെന്ന് അന്ന് ജനങ്ങള്‍ ചോദിച്ചു. എന്തിനാണ് ഇക്കാര്യങ്ങള്‍ സംസാരിക്കുന്നതെന്നും അതിശയിച്ചു. എന്നാല്‍ വൃത്തിയെക്കുറിച്ചുള്ള ഓരോ വാക്കുകളും ജനങ്ങളില്‍ തൊട്ടു. മതനേതാക്കളും, മാധ്യമപ്രവര്‍ത്തകരും പ്രമുഖരും എല്ലാവരും തന്നെ ബോധവത്കരണത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. സ്വച്ഛ് ഭാരത് അഭിയാന് ഏറ്റവും കൂടുല്‍ പിന്തുണ നല്‍കിയതും ഇത് ശക്തിപ്പെടുത്തിയതും രാജ്യത്തെ കുട്ടികളാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന്റെ 69ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി. രാവിലെ മഹാത്മാഗാന്ധിയുടെ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതിനുശേഷമാണ് മോദി ചെങ്കോട്ടയിലെത്തിയത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനി, കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്റ്റ്‌ലി, സുഷമ സ്വരാജ്, രവിശങ്കര്‍ പ്രസാദ്, രാജ്‌നാഥ് സിങ്, ബിജെപി അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുക്കാനെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.